October 16, 2025
#kerala #Top Four

മെയിലില്‍ പറഞ്ഞത് ശബരിമലയിലെ സ്വര്‍ണമാണെന്ന് ആ സമയത്ത് കരുതിയില്ല; മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു

തിരുവനന്തപുരം: എല്ലാ സ്പോണ്‍സര്‍മാരുടെയും ചരിത്രം പരിശോധിക്കാന്‍ ഒരു ബോര്‍ഡിനും സാധിക്കില്ലെന്ന് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ കുറിച്ച് ഇപ്പോഴാണ് എല്ലാവര്‍ക്കും സംശയം തോന്നിയതെന്നും അദ്ദേഹം പറഞ്ഞു. ഉണ്ണികൃഷ്ണന്‍ പോറ്റി അയച്ച മെയിലില്‍ പറഞ്ഞിരുന്നത് സ്വന്തം സ്വര്‍ണം ഉപയോഗിച്ച് ദ്വാരക പാലക ശില്‍പ്പത്തിന് സ്വര്‍ണം പൂശാനാണ് കരാറുണ്ടാക്കുന്നത് എന്നാണ്. എന്നാല്‍ ശബരിമല സന്നിധാനത്തെ സ്വര്‍ണമാണെന്ന് ആ സമയത്ത് കരുതിയില്ലെന്നും വാസു മാധ്യമങ്ങളോട് പറഞ്ഞു.ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഇ മെയില്‍ കിട്ടിയെന്ന് സ്ഥിരീകരിക്കുന്നതാണ് എന്‍ വാസുവിന്റെ പ്രതികരണം.2019 ഡിസംബറില്‍ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി അന്നത്തെ ദേവസ്വം പ്രസിഡന്റിന് അയച്ച രണ്ട് ഇ-മെയില്‍ സന്ദേശങ്ങളിലെ വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് എന്‍ വാസു വിഷയത്തില്‍ പ്രതികരണവുമായി എത്തിയത്.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

‘സ്വന്തം സ്വര്‍ണം ഉപയോഗിച്ച് ദ്വാരക പാലക ശില്‍പ്പത്തിന് സ്വര്‍ണം പൂശാനാണ് ഉണ്ണികൃഷ്ണന്‍ പോറ്റി കരാറുണ്ടാക്കിയത്. പോറ്റിയുടെ ഇ-മെയില്‍ കൈമാറിയിരുന്നു. ഇ-മെയില്‍ അയച്ചത് സ്വാഭാവിക നടപടിയാണ്. മെയിലില്‍ പറഞ്ഞിരിക്കുന്നത് ശബരിമലയിലെ സ്വര്‍ണമല്ല. ഉണ്ണികൃഷ്ണന്‍ പോറ്റിയെ സ്പോണ്‍സര്‍ എന്ന നിലയില്‍ കണ്ടിട്ടുണ്ട്. അല്ലാതെ യാതൊരു ബന്ധവും ഇല്ല. ഒരു തരത്തിലുള്ള ഇടപാടുമില്ല. തന്റെ കാലത്തല്ല ദ്വാരപാലക ശില്‍പ്പത്തിന്റെ അറ്റക്കുറ്റപ്പണി നടന്നത്’, എന്‍ വാസു വ്യക്തമാക്കി.

മെയിലില്‍ പറയുന്ന സ്വര്‍ണം ശബരിമലയുടേതല്ല. സ്വര്‍ണമായിരുന്നോ ചെമ്പായിരുന്നോ എന്ന് പറയാന്‍ താന്‍ വിദഗ്ധനല്ല. അതു സംബന്ധിച്ച് ഉറപ്പിച്ച് പറയാനും കഴിയില്ല. ചെമ്പായാലും തിളങ്ങും സ്വര്‍ണമാണേലും തിളങ്ങും. സ്വര്‍ണമാണോ ചെമ്പാണോ? എത്ര സ്വര്‍ണമുണ്ട്? എന്നൊക്കെ തിരുവാഭരണം കമ്മീഷണര്‍ക്ക് അറിയാം. ഇതെല്ലാം തിരുവാഭരണം കമ്മീഷണറുടെ പരിധിയില്‍ വരുന്നതാണെന്നും വാസു വ്യക്തമാക്കി.

Leave a comment

Your email address will not be published. Required fields are marked *