ട്രംപിനെ ‘ദ പീസ് പ്രസിഡന്റ്’ എന്ന് വിശേഷിപ്പിച്ച് വൈറ്റ് ഹൗസ്

വാഷിങ്ടണ്‍: ട്രംപിനെ ‘ദ പീസ് പ്രസിഡന്റ്’ എന്ന് വിശേഷിപ്പിച്ച് വൈറ്റ് ഹൗസ്, ഏഴ് സംഘര്‍ഷങ്ങള്‍ താന്‍ കാരണം അവസാനിച്ചെന്ന് ട്രംപ്. എക്സില്‍ പങ്കുവെച്ച പോസ്റ്റിലാണ് ട്രംപിനെ സമാധാനപ്രിയനായ പ്രസിഡന്റ് എന്ന് വൈറ്റ്ഹൗസ് വിശേഷിപ്പിച്ചത്. ആഗോളതലത്തില്‍ ഏഴ് സംഘര്‍ഷങ്ങള്‍ താന്‍ കാരണം അവസാനിച്ചതായും ട്രംപ് അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന് പുതിയ വിശേഷണം നല്‍കി വൈറ്റ ഹൗസ് പോസ്റ്റിട്ടത്.
ഇത്തവണത്തെ സമാധാനത്തിനുള്ള നൊബേല്‍ ലഭിക്കുമോയെന്ന മാധ്യമപ്രവര്‍ത്തരുടെ ചോദ്യത്തിന് ചരിത്രത്തില്‍ ആരും ഇത്രയും സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ ഇടപെട്ടിട്ടുണ്ടാകില്ലെന്ന് ട്രംപ് പ്രതികരിച്ചു. ”എനിക്ക് അതേപറ്റി ഒന്നും അറിയില്ല… യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാര്‍ക്കോ റൂബിയോയും ഏഴ് സംഘര്‍ഷങ്ങള്‍ അവസാനിച്ചതായി പറയുന്നു. എട്ടാമതൊരു സംഘര്‍ഷം അവസാനിപ്പിക്കുന്നതിലേക്ക് ഞങ്ങള്‍ അടുത്തുകൊണ്ടിരിക്കുകയാണ്. അത് റഷ്യ-യുക്രൈന്‍ യുദ്ധമാകാനാണ് സാധ്യതകൂടുതല്‍… ചരിത്രത്തിലാരും ഇത്രയും സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് മുന്‍കൈയെടുത്തിട്ടുണ്ടാകില്ല”, ട്രംപ് വ്യക്തമാക്കി.