കലൂര്‍ സ്റ്റേഡിയം ചുറ്റുമതില്‍ നിര്‍മ്മാണം നിയമവിരുദ്ധം; പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശം
കൊച്ചി: അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ മത്സരത്തിന്റെ ഒരുക്കങ്ങളുടെ ഭാഗമായി കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന ചുറ്റുമതില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിയമവിരുദ്ധമാണെന്ന് കണ്ടെത്തി. ഇതിനെ തുടര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ നഗരസഭാ അധികൃതര്‍ നിര്‍ദേശം നല്‍കി.
അന്താരാഷ്ട്ര മത്സരങ്ങള്‍ നടക്കണമെങ്കില്‍ ഫിഫയുടെ മാനദണ്ഡപ്രകാരം സ്റ്റേഡിയം ഒരുക്കേണ്ടതുണ്ട്. അതിന്റെ ഭാഗമായാണ് സ്റ്റേഡിയത്തില്‍ ചുറ്റുമതില്‍ നിര്‍മാണം തുടങ്ങിയത്. എന്നാല്‍, ചുറ്റുമതിലിന്റെ കൂടുതല്‍ ഭാഗം കാരണക്കോടം തോടിന്റെ സംരക്ഷണ ഭിത്തിക്ക് മുകളിലാണ് കെട്ടിയിരിക്കുന്നത്. സംരക്ഷണ ഭിത്തിയുടെ മുകളില്‍ ഉയര്‍ത്തി ബെല്‍റ്റ് വാര്‍ത്താണ് മതില്‍ കെട്ടുന്നത്.
കാരണക്കോടം തോട് എല്ലാ വര്‍ഷവും വൃത്തിയാക്കുന്നതുകൊണ്ടാണ് നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാകുന്നത്. തോടിനടുത്തേക്ക് ചെളി കോരുന്നതിനായി ജെസിബിയും ലോറിയും എത്തേണ്ടതുണ്ട്. എന്നാല്‍, സുരക്ഷാഭിത്തിക്ക് മുകളില്‍ ചുറ്റുമതില്‍ വന്നതോടെ അത് നടക്കില്ലെന്ന് പരിശോധന നടത്തിയ നഗരസഭാ ഉദ്യോഗസ്ഥര്‍ക്ക് ബോധ്യമായി.മതില്‍ നിര്‍മാണത്തില്‍ സിആര്‍ഇസഡ് ലംഘനമുള്ളതായും കണ്ടെത്തി. മതില്‍ കെട്ടുന്നതിന് കോര്‍പ്പറേഷനില്‍നിന്ന് എന്‍ഒസി എടുക്കാതെയാണ് പണി തുടങ്ങിയിരിക്കുന്നത്.





Malayalam 



































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































