എസ്എസ്എല്‍സി പരീക്ഷ കടുകട്ടിയാകുമെന്ന പ്രചാരണം തെറ്റ്, ചോദ്യങ്ങള്‍ ലളിതം: വി ശിവന്‍കുട്ടി
തിരുവനന്തപുരം: ഇന്നു മുതല്‍ തുടങ്ങുന്ന എസ്എസ്എല്‍സി പരീക്ഷ കടുകട്ടിയാകുമെന്ന പ്രചാരണം തെറ്റെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. നിക്ഷിപ്ത താത്പര്യക്കാര്‍ ആണ് തെറ്റായ പ്രചരണത്തിന് പിന്നലെന്നും തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. ഈ വര്‍ഷത്തെ പരീക്ഷാ ഘടനയില്‍ ആശങ്കപ്പെടേണ്ട മാറ്റങ്ങളില്ലെന്നും അതിനാല്‍ കുട്ടികള്‍ ഒന്നും ഭയപ്പെടേണ്ടതില്ലെന്നും വി ശിവന്‍കുട്ടി ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
‘പരീക്ഷയുടെ പശ്ചാത്തലത്തില്‍ കുട്ടികളില്‍ ഭീതി പരത്താന്‍ ചിലര്‍ നടത്തുന്ന ബോധപൂര്‍വ്വമായ ശ്രമങ്ങളെ വിവേകത്തോടെ തള്ളിക്കളയണം. എസ്സിഇആര്ടി തയ്യാറാക്കിയ മാനദണ്ഡപ്രകാരം 80 ശതമാനം ചോദ്യങ്ങളും ലളിതമോ ശരാശരി നിലവാരത്തിലുള്ളതോ ആയിരിക്കുമെന്നതിനാല്‍ എല്ലാ കുട്ടികള്‍ക്കും തങ്ങളുടെ കഴിവും അറിവും പ്രകടിപ്പിക്കാന്‍ സാധിക്കും. സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന അനാവശ്യ ഭീതികളില്‍ പതറാതെ അധ്യാപകരുടെ നിര്‍ദ്ദേശങ്ങളും മാതൃകാ ചോദ്യപേപ്പറുകളും പിന്തുടര്ന്ന് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനാണ് നിങ്ങള്‍ ശ്രമിക്കേണ്ടത്. പത്താം ക്ലാസ് പരീക്ഷ എന്നത് ഉപരിപഠനത്തിനായുള്ള ഒരു യോഗ്യതാ പരീക്ഷ മാത്രമാണെന്നും കേരളത്തില്‍ എല്ലാവര്ക്കും പ്ലസ് വണ്ണിന് പഠിക്കാനുള്ള സീറ്റുകള്‍ സര്‍ക്കാര്‍ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും നിങ്ങള്‍ മനസ്സിലാക്കണം. പരീക്ഷാ തിരക്കുകള്‍ക്കിടയിലും കൃത്യമായ ഉറക്കവും ഭക്ഷണവും ശീലിച്ചുകൊണ്ട് ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് വലിയ മുന്‍ഗണന നല്കാന് ശ്രദ്ധിക്കണം. ഈ പരീക്ഷ ജീവിതത്തിലെ അവസാന പരീക്ഷയല്ലെന്നും വലിയ അവസരങ്ങളുടെ ലോകം നിങ്ങള്‍ക്കായി തുറന്നുകിടക്കുകയാണെന്നും തിരിച്ചറിഞ്ഞ് ശാന്തമായ മനസ്സോടെ വേണം പരീക്ഷാ ഹാളിലേക്ക് പ്രവേശിക്കാനെന്നും ശിവന്‍കുട്ടി കുറിച്ചു.





Malayalam 

















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































