കോണ്‍ഗ്രസും പാകിസ്താനും തമ്മിലുള്ള രഹസ്യബന്ധം പരസ്യമായി : വിവാദ പരാമര്‍ശവുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെതിരെ വീണ്ടും ആഞ്ഞടിച്ച് പ്രധാനമന്ത്രി.
കോണ്‍ഗ്രസ് പാകിസ്താന്റെ അനുയായികളാണെന്ന് മോദി ആരോപിച്ചു. കോണ്‍ഗ്രസ് ദുര്‍ബലമാകുന്നതില്‍ ദുഃഖം പാകിസ്താനാണെന്നും കോണ്‍ഗ്രസിനായി പ്രാര്‍ഥിക്കുകയാണ് പാകിസ്താന്‍ നേതാക്കളെന്നും മോദി പറഞ്ഞു. കൂടാതെ വോട്ട് ജിഹാദിനായി മുസ്‌ളിങ്ങളോട് ആഹ്വാനം ചെയ്യുകയാണ് ഇന്‍ഡ്യ മുന്നണിയെന്നും മോദി കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിന്റെ ലക്ഷ്യങ്ങള്‍ അപകടകരമാണെന്നാണ് ഗുജറാത്തിലെ തെരഞ്ഞെടുപ്പ് റാലിയില്‍ മോദി ആരോപിച്ചത്.
കോണ്‍ഗ്രസും പാകിസ്താനും തമ്മിലുള്ള രഹസ്യ ബന്ധം പരസ്യമായി എന്ന് പറഞ്ഞ മോദി കോണ്‍ഗ്രസ് ഭരണ കാലത്ത് ഭീകരവാദികള്‍ക്കുള്‍പ്പടെ സ്ഥാനമുണ്ടായിരുന്നെന്നും എന്നാല്‍ ബിജെപി സര്‍ക്കാര്‍ നിലവില്‍ വന്നതിന് ശേഷം ഭീകരവാദത്തെ പൂര്‍ണ്ണമായും തുടച്ചുനീക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെന്നും മോദി പറയുകയുണ്ടായി.
നേരത്തെ പാകിസ്താന്‍ മുന്‍ മന്ത്രിയായ ഫവാദ് ചൗധരി രാഹുല്‍ ഗാന്ധിയുമായി ബന്ധിപ്പിച്ച് ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ആ വീഡിയോ ഉള്‍പ്പെടയുള്ള കാര്യങ്ങളും മോദി പരാമര്‍ശിച്ചു. കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിന്റെ മരുമകള്‍ മരിയ ആലമിന്റെ ‘വോട്ട് ജിഹാദ്’ ആഹ്വാനത്തിന്റെ പേരിലും മോദി കോണ്‍ഗ്രസ് പാര്‍ട്ടിയെ വിമര്‍ശിച്ചു. മദ്രസയില്‍ മാത്രം പഠിച്ച ആളല്ല, ഉന്നത വിദ്യാഭ്യാസം നേടിയ ആളല്ലേ ഇങ്ങനെ ചോദിച്ചതെന്നും മോദി ചൂണ്ടിക്കാണിച്ചു. ഒരു കോണ്‍ഗ്രസ് നേതാക്കളും ഇതിനെ അപലപിച്ചിട്ടില്ലെന്ന നിരാശയും അദ്ദേഹം പ്രകടിപ്പിച്ചു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
പട്ടികജാതി, പട്ടികവര്‍ഗ, മറ്റ് പിന്നാക്ക വിഭാഗങ്ങളെ (ഒബിസി) സമുദായങ്ങളില്‍ നിന്ന് ഒഴിവാക്കി മുസ്ലീങ്ങള്‍ക്ക് സംവരണം നല്‍കുന്നതിനായി രാജ്യത്തിന്റെ ഭരണഘടന ഭേദഗതി ചെയ്യാനാണ് കോണ്‍ഗ്രസ് പാര്‍ട്ടി ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി ആരോപിച്ചു. ബിജെപിയും അവരുടെ സഖ്യകക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നല്‍കാനോ മുസ്ലീങ്ങള്‍ക്ക് പിന്‍വാതില്‍ ക്വോട്ട നല്‍കാനോ ഭരണഘടനയില്‍ മാറ്റം വരുത്തില്ലെന്നും കോണ്‍ഗ്രസിനെ വെല്ലുവിളിച്ചുകൊണ്ട് മോദി വ്യക്തമാക്കി.
ഇന്ന് ലോകത്ത് സമാധാനത്തിനായി നിലനില്‍ക്കുന്ന രാജ്യമെന്ന നിലയില്‍ ഇന്ത്യയുടെ പങ്ക് മോദി എടുത്തുപറഞ്ഞു. 2047 ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കാന്‍ പ്രയത്‌നിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. കഴിഞ്ഞ 10 വര്‍ഷത്തിനിടെ തന്റെ സര്‍ക്കാര്‍ 14 കോടി വീടുകള്‍ക്ക് പൈപ്പ് വാട്ടര്‍ കണക്ഷനുകള്‍ നല്‍കിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ക്ക് അവരുടെ 60 വര്‍ഷത്തെ ഭരണത്തില്‍ 3 കോടി വീടുകള്‍ക്ക് മാത്രമാണ് ഇത് നല്‍കാന്‍ കഴിഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.