ലോക്‌സഭാ തെരഞ്ഞടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷം കിട്ടും, 48 മണിക്കൂറിനകം പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കും: ജയ്‌റാം രമേശ്

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരുമ്പോള്‍ ഇന്ത്യ സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നും ഫലംവന്ന് 48 മണിക്കൂറിനകം പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുമെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും പാര്‍ട്ടി വക്താവുമായ ജയ്റാം രമേശ് വ്യക്തമാക്കി. സഖ്യത്തില്‍ ഏറ്റവുമധികം സീറ്റുകള്‍ നേടുന്ന പാര്‍ട്ടി, സ്വാഭാവികമായും നേതൃത്വത്തിന് അവകാശിയാകുമെന്നും ജയ്റാം രമേശ് ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
കേവലഭൂരിപക്ഷത്തിന് വേണ്ട 272 സീറ്റുകള്‍ക്ക് മുകളില്‍ ഇന്ത്യാ സഖ്യം നേടുമെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ആത്മവിശ്വാസം പ്രകടിപ്പിച്ചു. സഖ്യത്തിന് അനുകൂലമായ ജനവിധി ലഭിക്കുമ്പോള്‍ ചില എന്‍ഡിഎ പാര്‍ട്ടികള്‍ സഖ്യത്തിലെത്തിയേക്കുമെന്നും അവരെ സഖ്യത്തില്‍ ഉള്‍പ്പെടുത്തണോ വേണ്ടയോ എന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും ജയ്റാം രമേശ് കൂട്ടിച്ചേര്‍ത്തു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..