വിവാഹ ബന്ധം വേര്‍പ്പെടുത്തിയ മുസ്ലീം സ്ത്രീകള്‍ക്ക് ജീവനാംശം തേടാം ; സുപ്രധാന വിധിയുമായി സുപ്രീംകോടതി

ഡല്‍ഹി: വിവാഹ ബന്ധം വേര്‍പ്പെടുത്തിയ മുസ്ലീം സ്ത്രീകള്‍ക്ക് നിയമപരമായി ജീവനാംശം തേടാമെന്ന് സുപ്രീംകോടതി. ക്രിമിനല്‍ നടപടി ചട്ടത്തിലെ (സിആര്‍പിസി) സെക്ഷന്‍ 125 പ്രകാരമാണ് ഉത്തരവ്.ജസ്റ്റിസ് ബി വി നാഗരത്ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. ജീവനാംശം നല്‍കുന്നതിനെതിരെ നേരത്തെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്.
Also Read ; സപ്ലൈക്കോയില്‍ ഒരു വര്‍ഷത്തോളം നീണ്ടുനിന്ന കോടികളുടെ തട്ടിപ്പുകള്‍ പുറത്ത്
‘വിവാഹിതരായ സ്ത്രീകള്‍ക്ക് മാത്രമല്ല, എല്ലാ സ്ത്രീകള്‍ക്കും സിആര്‍പിസി സെക്ഷന്‍ 125 ബാധകമാകുമെന്ന പ്രധാന നിഗമനത്തോടെയാണ് ഞങ്ങള്‍ അപ്പീല്‍ തള്ളുന്നത്,’ ജസ്റ്റിസ് നാഗരത്‌ന വിധി പ്രസ്താവിച്ചുകൊണ്ട് പറഞ്ഞു. സിആര്‍പിസി സെക്ഷന്‍ 125 പ്രകാരം ഏതൊരു മുസ്ലിം സ്ത്രീക്കും വിവാഹബന്ധം വേര്‍പ്പെടുത്തിയ ഭര്‍ത്താവില്‍ നിന്നും ജീവനാംശം ആവശ്യപ്പെടാം. മുസ്ലീം സ്ത്രീകളുടെ വിവാഹമോചനത്തിനുള്ള അവകാശങ്ങള്‍ സംരക്ഷിക്കല്‍ നിയമം മതേതര നിയമത്തെ മറികടക്കില്ലെന്ന് കോടതി വ്യക്തമാക്കി.
ജീവനാംശം എന്നത് ആരുടേയും ഔദാര്യമല്ലെന്നും അത് അടിസ്ഥാനപരമായ അവകാശമാണെന്നും സുപ്രീം കോടതി കൂട്ടിച്ചേര്‍ത്തു. എല്ലാ സ്ത്രീകള്‍ക്കും ലിംഗസമത്വവും സാമ്പത്തിക സുരക്ഷിതത്വവും എന്ന തത്വം ഊട്ടിയുറപ്പിക്കുന്ന ഈ അവകാശം മതപരമായ അതിര്‍വരമ്പുകള്‍ക്ക് അതീതമാണെന്നും കോടതി ചൂണ്ടിക്കാണിച്ചു. സിആര്‍പിസി 125-ാം വകുപ്പ് മതേതര സ്വഭാവത്തില്‍ ഉള്ളതാണെന്നും അത് മുസ്ലിം സ്ത്രീക്കും ബാധകമാണെന്നുമാണ്, ചരിത്രപ്രസിദ്ധമായ ഷാബാനു കേസ് വിധിയില്‍ സുപ്രീം കോടതി വ്യക്തമാക്കിയത്. എന്നാല്‍ ഇതിനെ മറിടകടക്കാനായി 1986-ല്‍ സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തുകയായിരുന്നു. ഈ നിയമം ചൂണ്ടിക്കാട്ടിയാണ്, ഈ കേസിലെ ഹര്‍ജിക്കാരന്‍ വാദിച്ചത്. എന്നാല്‍ 2019-ലെ നിയമപ്രകാരം നടപടികളിലേക്ക് കടക്കാവുന്നതാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..