#Premium

ഇ.ഡി. കുരുക്കില്‍ ബോബി ചെമ്മണ്ണൂര്‍ ; അന്വേഷണം നിയമവിരുദ്ധ സാമ്പത്തിക ഇടപാട് നടത്തിയെന്ന ആരോപണത്തില്‍

വ്യവസായി ബോബി ചെമ്മണ്ണൂര്‍ വീണ്ടും വിവാദക്കുരുക്കില്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആണ് ബോബിയുടെ വ്യവസായ സംരംഭങ്ങളെക്കുറിച്ച് ഇപ്പോള്‍ അന്വേഷണമാരംഭിച്ചിരിക്കുന്നത്. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകള്‍ ആണ് ബോബി ചെമ്മണ്ണൂര്‍ നടത്തുന്നതെന്നാണ് ഉയര്‍ന്നിരിക്കുന്ന ആരോപണം.

Also Read ; PSC കോഴ ആരോപണത്തില്‍ പ്രമോദ് കോട്ടൂളിയെ പുറത്താക്കി CPIM

തന്റെ വിവിധ സ്ഥാപനങ്ങള്‍ വഴി ബോബി ചെമ്മണ്ണൂര്‍ നടത്തിക്കൊണ്ടിരിക്കുന്ന സാമ്പത്തിക ഇടപാടുകള്‍ ആണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധിച്ചു കൊണ്ടിരിക്കുന്നത്. വന്‍തോതില്‍ പലിശ വാഗ്ദാനം ചെയ്ത് ബോബി ചെമ്മണ്ണൂര്‍ ഡിപ്പോസിറ്റുകള്‍ സ്വീകരിക്കുന്നുവെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായി എന്നതാണ് വിവരം. ഈ പണം ഏതെങ്കിലും ബിസിനസ് ആവശ്യങ്ങള്‍കള്‍ക്കായി വക മാറ്റുന്നുണ്ടോയെന്നും, ഇതില്‍ കള്ളപ്പണ ഇടപാടുകള്‍ നടന്നിട്ടോയെന്നും ഇ.ഡി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.
രാജ്യത്തിന് അകത്തും പുറത്തുമായി ബോബി ചെമ്മണ്ണൂര്‍ നടത്തിക്കൊണ്ടിരിക്കുന്ന വ്യാപാര സംരംഭങ്ങള്‍ എല്ലാം ഇഡിയുടെ നിരീക്ഷണത്തിലാണ്.

വിദേശ നാണയ വിനിമയം സംബന്ധിച്ച ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് അഥവാ ഫെമാ നിയമപ്രകാരമാണ് ഇ.ഡി അന്വേഷണം നടത്തുന്നതെന്നത് സംഭവ വികാസങ്ങള്‍ക്ക് ഗൗരവം പകരുന്നുണ്ട്. ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള ഫിജികാര്‍ട്ടും, ബോചേ ടീയും കേന്ദ്രീകരിച്ച് നടക്കുന്ന സാമ്പത്തിക ഇടപാടുകള്‍ നിയമാനുസൃതമാണോയെന്നും ഇതിനോടൊപ്പം ഇ.ഡി പരിശോധിക്കുന്നുമുണ്ട്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

ബോചേ ടീയുടെ മറവില്‍, ബോബി ചെമ്മണ്ണൂര്‍ നടത്തുന്നത് അനധികൃത ലോട്ടറി കച്ചവടമാണെന്നും അതുവഴി സര്‍ക്കാരിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നതെന്നും കാണിച്ച് ലോട്ടറി വകുപ്പ് പോലീസ് അധികൃതര്‍ക്ക് നേരത്തെ പരാതി നല്‍കിയിരുന്നു.

ബോചെ ഭൂമിപത്ര എന്ന സ്വകാര്യ കമ്പനിയുടെ മറവില്‍ തേയിലപ്പൊടി വില്‍പ്പനയും പ്രമോഷന്റെ പേരില്‍ ലോട്ടറിടിക്കറ്റും വില്‍ക്കുകയാണെന്നും, ഇത് ലോട്ടറി നിയമങ്ങളുടെ ലംഘനമാണെന്നും കാണിച്ചാണ് ലോട്ടറി ഡയറക്ടര്‍ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. എന്നാല്‍, തേയിലപ്പൊടിക്കൊപ്പം നല്‍കുന്നത് ലോട്ടറി ടിക്കറ്റ് അല്ലെന്നും ബിസിനസ് പ്രമോഷന്റെ ഭാഗമായുള്ള ലക്കി കൂപ്പണ്‍ ആണെന്നുമാണ് ബോചേ ടീ അധികൃതരുടെ വാദം. ഇത് സംബന്ധിച്ചുള്ള അന്വേഷണങ്ങളും ഇഴഞ്ഞ് നീങ്ങുകയാണ്. ഉന്നത തല രാഷ്ട്രീയ സമ്മര്‍ദ്ദമാണിതിന് പിന്നിലെന്നാണ് ഉയര്‍ന്നിട്ടുള്ള ആരോപണം.

എന്നാല്‍ തനിക്കെതിരെ ഇ.ഡി. നടത്തുന്നത് പ്രാഥമിക അന്വേഷണം മാത്രമാണെന്നും ഇ.ഡി. ആവശ്യപ്പെട്ട രേഖകള്‍ എല്ലാം നല്‍കിയിട്ടുണ്ടെന്നുമാണ് ബോബി ചെമ്മണ്ണൂര്‍ നല്‍കുന്ന വിശദീകരണം. തനിക്ക് നേരെ ഉയരുന്ന ആരോപണങ്ങളെ ലഘൂകരിച്ചുകൊണ്ടുള്ള പ്രതികരണങ്ങളാണ് ബോബി ചെമ്മണ്ണൂര്‍ നടത്തുന്നതെങ്കിലും വസ്തുതകള്‍ അത്രമാത്രം ലളിതമല്ലെന്നാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്ന വിവരങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.

തനിക്ക് നേരെ ഉയര്‍ന്ന ഗുരുതര ആരോപണങ്ങളെപോലും, സംസ്ഥാന സര്‍ക്കാരിലെ പിടിപാടുകള്‍ വഴിയാണ് ബോബി ചെമ്മണ്ണൂര്‍ ഒതുക്കി തീര്‍ക്കുന്നതെന്ന ആരോപണം വിവിധ കോണുകളില്‍ നിന്നും നേരത്തെ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്നത് വിദേശ നാണയ വിനിമയ പ്രകാരമുള്ള അന്വേഷണമായതിനാല്‍, വസ്തുതകള്‍ക്ക് ഗൗരവ മേറെയാണ്. ഇ.ഡി. ആവശ്യപ്പെട്ട രേഖകള്‍ നല്‍കിയെന്നാണ് ചെമ്മണ്ണൂര്‍ അധികൃതര്‍ പറയുന്നതെങ്കിലും, അതുസംബന്ധിച്ച നിയമപരമായ അന്വേഷണങ്ങളുമായി ഇ.ഡി മുന്നോട്ട് പോവുകയാണ്. ഫെമാ നിയമപ്രകാരമുള്ള അന്വേഷണമാകയാല്‍, ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ വിവിധ കേന്ദ്ര ഏജന്‍സികളുടെ തുടര്‍ അന്വേഷണങ്ങളും ഉണ്ടാകുമെന്നതുറപ്പാണ്. അതായത് ബോബി ചെമ്മണ്ണൂര്‍ അവകാശപ്പെടുന്ന വിധത്തില്‍ വസ്തുതകള്‍ അത്രമേല്‍ ലളിതമൊന്നുമല്ലെന്ന് ചുരുക്കം.

 

 

Leave a comment

Your email address will not be published. Required fields are marked *