വരുന്നു; പുതിയ പാമ്പന്‍ പാലം

രാമേശ്വരം: രാമേശ്വരത്തിന് സമീപം റെയില്‍വേയുടെ പുതിയ പാമ്പന്‍ പാലത്തിന്റെ നിര്‍മാണം അവസാനഘട്ടത്തില്‍. ശനിയാഴ്ച പുലര്‍ച്ച പാലത്തിന്റെ നടുവില്‍ ഗര്‍ഡര്‍ ബ്രിഡ്ജ് വിജയകരമായി സ്ഥാപിച്ചതില്‍ റെയില്‍വേ എന്‍ജിനീയര്‍മാര്‍ ആകാശത്ത് പടക്കം പൊട്ടിച്ച് ആഘോഷിച്ചു.
Also Read ; മഴക്കാലവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വാഹനങ്ങള്‍ക്ക് പ്രത്യേക ഇന്‍ഷുറന്‍സ് പരിരക്ഷകള്‍
പാലത്തില്‍ ട്രെയിനിന്റെ പരീക്ഷണ ഓട്ടം നടത്തിയശേഷം ഒക്ടോബര്‍ ഒന്നുമുതല്‍ രാമേശ്വരത്തേക്കുള്ള ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പാമ്പന്‍ റെയില്‍വേ പാലത്തിന് നടുവിലുള്ള തൂക്കുപാലം ദുര്‍ബലമായതിനെ തുടര്‍ന്നാണ് 2019ല്‍ 550 കോടി രൂപ ചെലവില്‍ പുതിയ പാലത്തിന്റെ നിര്‍മാണം ആരംഭിച്ചത്. 2022 നവംബര്‍ 23ന് പാലത്തിലെ ഇരുമ്പ് പ്ലേറ്റ് കേടായതിനാല്‍ രാമേശ്വരത്തേക്കുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തി വെച്ചു. 2,070 മീറ്റര്‍ (6,790 അടി) നീളത്തില്‍ നിര്‍മിക്കുന്ന പുതിയ പാമ്പന്‍ പാലം രാമേശ്വരം- മണ്ഡപം റെയില്‍വേ സ്റ്റേഷനുകളെ തമ്മിലാണ് ബന്ധിപ്പിക്കുക. പൂര്‍ണമായും നൂതനമായ ഓട്ടോമേറ്റഡ് ഇലക്ട്രോ മെക്കാനിക്കല്‍ സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന പുതിയ പാലത്തിന് താഴെ വലിയ കപ്പലുകള്‍ക്ക് തടസ്സങ്ങളില്ലാതെ കടന്നുപോകാനാവും.
ഓട്ടോമാറ്റിക് വെര്‍ട്ടിക്കല്‍ ലിഫ്റ്റിങ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റെയിന്‍ലസ് സ്റ്റീല്‍ കൊണ്ട് നിര്‍മിച്ച പാലത്തില്‍ 330 തൂണുകളും 18.3 മീറ്റര്‍ നീളമുള്ള 99 സ്പാനുകളാണ് സ്ഥാപിച്ചിരിക്കുന്നത്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം
കപ്പലുകള്‍ വരുമ്പോള്‍ 63 മീറ്റര്‍ നീളമുള്ള മധ്യഭാഗം കടല്‍നിരപ്പില്‍ നിന്ന് 17 മീറ്റര്‍ ഉയരും. പിന്നീട് സാധാരണനിലയിലേക്ക് താഴ്ത്തും. ഇത്തരം സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ പാലമായിരിക്കുമിത്. പാലത്തിന്റെ ഗര്‍ഡറുകള്‍ സ്ഥാപിച്ച നിലയില്‍ രണ്ടാഴ്ചക്കകം ജോലികള്‍ പൂര്‍ത്തിയാക്കും.