സുരേഷ്‌ഗോപി ദുരന്തഭൂമിയില്‍; മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്റെ നിയമ വശങ്ങള്‍ പരിശോധിക്കും
കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി. ഇന്ന് രാവിലെയാണ് സുരേഷ് ഗോപി വയനാട്ടിലെത്തിയത്. ചൂരല്‍മലയിലെത്തി ബെയ്‌ലി പാലത്തിലൂടെ വാഹനത്തില്‍ പോയ സുരേഷ് ഗോപി മുണ്ടക്കൈയിലെത്തി ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന സൈനിക ഉദ്യോഗസ്ഥരുമായി സംസാരിച്ച ശേഷം ദുരിതാശ്വാസ ക്യാമ്പുകളിലും പോയതിന് ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്.
അതേസമയം ദേശീയ ദുരന്തമായി വയനാട് ദുരന്തം പ്രഖ്യാപിക്കുന്നതിന്റെ നിയമവശങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു.
‘വയനാട്ടിലെത് ദേശീയ ദുരന്തം ആയി പ്രഖ്യാപിക്കാന്‍ നടപടിക്രമങ്ങളുണ്ട്. ഇപ്പോള്‍ കരുതലും കരുണയുമാണ് വേണ്ടത്. കേരളത്തിന് മുന്നറിയിപ്പ് നല്‍കിയെന്ന അമിത്ഷായുടെ പ്രസ്താവന സബ് മിഷനുള്ള മറുപടി മാത്രമാണെന്നും ഇപ്പോള്‍ ഇത്തരം കാര്യങ്ങള്‍ എഴുന്നള്ളിച്ച് അസ്വസ്ഥത ഉണ്ടാക്കരുതെന്നും സുരേഷ് ഗോപി പറഞ്ഞു. അമിത ഷായുടെ മറുപടി എടുത്തിട്ട് ദുരന്തത്തില്‍പ്പെട്ടവരുടെ മനസിനെ മഥിക്കരുത്. രാജ്യം വയനാടിനെ സഹായിക്കാന്‍ ഉണ്ടാകും’ എന്നും സുരേഷ് ഗോപി പറഞ്ഞു.
‘പരമാവധി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചണ് ദുരന്ത മേഖലയില്‍ പരിശോധന നടത്തുന്നത്. പരിശോധനക്ക് കൂടുതല്‍ സേന വേണമെങ്കില്‍ കേരളം ആവശ്യപ്പെടട്ടേയെന്നും ദുരന്തത്തില്‍ പെട്ടവരെ മാനസികമായി ശക്തിപ്പെടുത്തേണ്ടത് പ്രധാനപ്പെട്ട കാര്യമാണെന്നും സുരേഷ് ഗോപി പറഞ്ഞു. കാണാതായവരുടെ കണക്ക് കൃത്യമായി കിട്ടേണ്ടതുണ്ട്. ശാസ്ത്രം പോലും തല കുനിച്ചു നില്‍ക്കുന്ന സ്ഥിതിയാണിവിടെ. കളക്ടറുമായി സംസാരിച്ചു വേണ്ടത് ചെയ്യുമെന്നും’ സുരേഷ് ഗോപി പറഞ്ഞു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..