കേരളത്തിന് വേണ്ടതെല്ലാം ചെയ്യും , കേന്ദ്രത്തിന് ചെയ്യാന്‍ പറ്റുന്ന എല്ലാ സഹായവും നല്‍കും : പ്രധാനമന്ത്രി നരേന്ദ്രമോദി
കല്‍പ്പറ്റ: വയനാട്ടിലെ ദുരിതബാധിത മേഖലയില്‍ സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി കേരളത്തിന് വേണ്ട എല്ലാ സഹായവും ചെയ്യുമെന്ന് വാഗ്ദാനം ചെയ്തു.ദുരിതബാധിതരുടെ പുനരധിവാസത്തിനാണ് പ്രാധാന്യം നല്‍കുകയെന്നും കേന്ദ്രത്തിന് ചെയ്യാന്‍ പറ്റുന്നതൊക്കെ ചെയ്യുമെന്നും മോദി പറഞ്ഞു. വയനാട്ടില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷമാണ് പ്രധാന മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
Also Read; കൊച്ചിയില്‍ എംഡിഎംഎയുമായി യുവതി ഉള്‍പ്പെടെ 9 പേര്‍ പിടിയില്‍
ദുരന്തത്തില്‍ നിരവധി കുടുംബങ്ങളുടെ പ്രതീക്ഷകളാണ് തകര്‍ന്നത്. ദുരന്തബാധിതരെ നേരില്‍ കണ്ടു. അവരുടെ ദുഃഖങ്ങളും ദുരിതങ്ങളും നേരിട്ടറിഞ്ഞു. കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് മാനസിക പിന്തുണ നല്‍കേണ്ടത് അനിവാര്യമാണ്. ദുരന്തബാധിതര്‍ക്കൊപ്പം നില്‍ക്കുകയെന്നതാണ് പ്രധാനം. ഭാവി ജീവിതവും സ്വപ്നവും യാഥാര്‍ത്ഥ്യമാക്കാന്‍ നാം അവര്‍ക്കൊപ്പം ചേരണം. അത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
മുണ്ടക്കൈ ദുരന്തത്തില്‍ പരിക്കേറ്റവരെയും ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരെയും കണ്ടശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട് കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിനെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി, ചീഫ് സെക്രട്ടറി എന്നിവരടക്കം പങ്കെടുത്ത യോഗത്തിന് ശേഷമായിരുന്നു അദ്ദേഹം കേരളത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തത്. മുണ്ടക്കൈ ദുരന്തത്തിന്റെ വിശദമായ റിപ്പോര്‍ട്ട് യോഗത്തില്‍ പ്രധാനമന്ത്രിക്ക് മുമ്പില്‍ അവതരിപ്പിച്ചിരുന്നു. യോഗത്തില്‍ മുണ്ടക്കൈയ്ക്ക് വേണ്ട സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള മെമൊറാണ്ടം മുഖ്യമന്ത്രി സമര്‍പ്പിച്ചു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ദുരന്തബാധിത പ്രദേശമായ ചൂരല്‍മലയും മേപ്പാടിയിലെ ക്യാമ്പും സന്ദര്‍ശിച്ച പ്രധാനമന്ത്രി ക്യാമ്പില്‍ കഴിയുന്നവരുമായി നേരിട്ട് സംസാരിച്ചു. അവരുടെ വിഷമങ്ങള്‍ പ്രധാനമന്ത്രി കേട്ടു. ക്യാമ്പില്‍ ദുരന്തം ബാധിച്ച 12 ഓളം പേരെ പ്രധാനമന്ത്രി കണ്ടു. മെഡിക്കല്‍ സംഘത്തെയും കണ്ടു. ശേഷം ഡോക്ടര്‍ മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലെത്തിയ പ്രധാനമന്ത്രി ദുരന്തത്തില്‍ പരിക്കേറ്റവരെയും സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തി. കുടുംബം മുഴുവനായും നഷ്ടപ്പെട്ട മുഹമ്മദ് ഹാനി, ലാവണ്യ എന്നീ കുട്ടികളോട് ക്യാമ്പില്‍ വെച്ച് പ്രധാനമന്ത്രി സംസാരിച്ചിരുന്നു. ദുരന്തഭൂമി നടന്നുകണ്ട് വിലയിരുത്തിയ ശേഷമാണ് അദ്ദേഹം മേപ്പാടിയിലേക്ക് പോയത്. ചൂരല്‍മലയില്‍ എഡിജിപി എം ആര്‍ അജിത് കുമാര്‍ കാര്യങ്ങള്‍ വിശദീകരിച്ചു നല്‍കി. ബെയ്ലിപ്പാലത്തിലും പ്രധാനമന്ത്രി സന്ദര്‍ശനം നടത്തി.
വെള്ളാര്‍മല സ്‌കൂള്‍ പരിസരത്ത് എത്തിയപ്പോള്‍ കുട്ടികളുടെ കാര്യത്തില്‍ പ്രധാനമന്ത്രി ആശങ്ക പങ്കുവച്ചു. കുട്ടികളുടെ തുടര്‍പഠനത്തെക്കുറിച്ചും ചോദിച്ചറിഞ്ഞു. തീരുമാനിച്ചതിലും കൂടുതല്‍ സമയം പ്രധാനമന്ത്രി ചൂരല്‍മലയില്‍ ചെലവഴിച്ചു. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം വയനാട്ടില്‍ എത്തിയ പ്രധാനമന്ത്രി ആകാശനിരീക്ഷണത്തിന് ശേഷം കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഹെലികോപ്റ്റര്‍ ഇറങ്ങി. ശേഷം റോഡ് മാര്‍ഗം ദുരന്തമേഖലയിലേക്ക് എത്തുകയായിരുന്നു. അവലോകന യോഗത്തിന് ശേഷം പ്രധാനമന്ത്രി മടങ്ങി.