പിവി അന്‍വര്‍ പൊതുമധ്യത്തില്‍ മാപ്പ് പറയണം: ഐപിഎസ് അസോസിയേഷന്‍
തിരുവനന്തപുരം: മലപ്പുറം എസ്പിയെ വേദിയില്‍ ഇരുത്തി sപാലീസിനെതിരെ വിമര്‍ശനം നടത്തിയ പി വി അന്‍വറിനെതിരെ ഐപിഎസ് അസോസിയേഷന്‍ രംഗത്ത്. പി വി അന്‍വര്‍ ഐപിഎസ് ഉദ്യോഗസ്ഥരെ അപമാനിച്ചെന്നും അതിനാല്‍ പൊതുമധ്യത്തില്‍ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് ഇവര്‍ പ്രമേയം പാസാക്കി.
മലപ്പുറം എസ്പി വേദിയിലിരിക്കെയായിരുന്നു കഴിഞ്ഞ ദിവസം പി വി അന്‍വര്‍ എംഎല്‍എയുടെ വിമര്‍ശനം. പോലീസുകാരില്‍ ക്രിമിനലുകളുമായി കൂട്ട് കൂടുന്നവര്‍ പലരുമുണ്ടെന്നും അവര്‍ സര്‍ക്കാരിന് കളങ്കമുണ്ടാക്കുന്നുവെന്നും അന്‍വര്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് തന്റെ പാര്‍ക്കിലെ റോപ്പ് മോഷണം പോയതുമായി ബന്ധപ്പെട്ട കേസ് എങ്ങുമെത്തിയില്ല എന്നത് ചൂണ്ടിക്കാട്ടിയും അന്‍വര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. എസ് പിക്കെതിരെയും പ്രസംഗമദ്ധ്യേ വിമര്‍ശനം ഉന്നയിച്ചതിനാല്‍ അന്‍വറിന്റെ പ്രസംഗശേഷം സംസാരിക്കാന്‍ പോലും നില്‍ക്കാതെ മലപ്പുറം എസ്പി വേദി വിട്ടു.
Also Read; നഴ്‌സറി കുട്ടികള്‍ക്കുനേരെ ലൈംഗികാതിക്രമം; കരാര്‍ ജീവനക്കാരനെ റിമാന്‍ഡ് ചെയ്തു
ബംഗ്ലാദേശിന് സമാനമായ സാഹചര്യത്തില്‍ പോലീസിനെതിരെ ജനം തെരുവിലിറങ്ങുമെന്നുള്ള പരാമര്‍ശത്തിനെതിരെയും ഐപിഎസ് അസോസിയേഷന്‍ പരാതി ഉന്നയിച്ചിട്ടുണ്ട്. മലപ്പുറം എസ്പിയെ പല വിധത്തില്‍ അന്‍വര്‍ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും ആരോപണമുണ്ട്. എംഎല്‍എ പൊതുസമക്ഷത്തില്‍ മാപ്പ് പറയണമെന്നും നിയമവ്യവസ്ഥ ഉയര്‍ത്തി പിടിക്കാന്‍ എംഎല്‍എ തയ്യാറാകണമെന്നും, എംഎല്‍എക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും ഐപിഎസ് അസോസിയേഷന്‍ വ്യക്തമാക്കി.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..