നിലമ്പൂരില്‍ അന്‍വറിനെതിരെ കൊലവിളി നടത്തിയ നൂറോളം സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

മലപ്പുറം: പിവി അന്‍വര്‍ എംഎല്‍എക്കെതിരെ കൊലവിളി മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ കേസെടുത്ത് പോലീസ്. കണ്ടാലറിയാവുന്ന നൂറോളം സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെയാണ് നിലമ്പൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ‘ചെങ്കൊടി തൊട്ടുകളിക്കണ്ട’ എന്ന ബാനറും അന്‍വറിന്റെ കോലവുമായാണ് സിപിഐഎം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തിയത്.
Also Read; അന്‍വറിന്റെ വീടിന് പോലീസ് സുരക്ഷ; കൊല്ലാം തോല്‍പ്പിക്കാനാവില്ല എന്ന് നിലമ്പൂരില്‍ ഫ്ളക്സ് ബോര്‍ഡ്
അന്‍വറിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ഗോവിന്ദന്‍ മാഷ് കൈ ഞൊടിച്ചാല്‍ വെട്ടിയരിഞ്ഞ് പുഴയില്‍ തള്ളും. മര്യാദക്ക് നടന്നില്ലെങ്കില്‍ കൈയും കാലും വെട്ടിയരിയും. എന്നീങ്ങനെയുള്ള പ്രകോപന മുദ്രാവാക്യങ്ങളാണ് പ്രവര്‍ത്തകര്‍ മുഴക്കിയത്.
അതിനിടെ ഇന്ന് അന്‍വറിനെ പിന്തുണച്ച് അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ ഫ്‌ളക്‌സുകള്‍ പ്രത്യക്ഷപ്പെട്ടു. കൊല്ലാം പക്ഷെ തോല്‍പ്പിക്കാനാവില്ലെന്നാണ് ബോര്‍ഡിലുള്ളത്. ടൗണ്‍ ബോയ്‌സ് ആര്‍മിയുടെ പേരില്‍ സ്ഥാപിച്ച ബോര്‍ഡില്‍ പി വി അന്‍വര്‍ വിപ്ലവ സൂര്യന്‍ ആണെന്നും പറയുന്നു. നേരത്തെ ഒതായിയിലെ അന്‍വറിന്റെ വീടിനു മുന്നില്‍ സിപിഐഎം അന്‍വറിനെതിരെ ബോര്‍ഡ് സ്ഥാപിച്ചിരുന്നു.
സിപിഐഎമ്മിന്റെ പ്രതിഷേധങ്ങള്‍ക്ക് മറുപടിയായാണ് നിലമ്പൂരിലെ പൊതുയോഗം ശക്തിപ്രകടനമാക്കാന്‍ പി വി അന്‍വര്‍ എംഎല്‍എ തീരുമാനിച്ചത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
നിലമ്പൂരിലെ ഏറ്റവും അധികം ജനത്തിരക്കുള്ള ചന്തക്കുന്ന് ബസ് സ്റ്റാന്‍ഡ് പരിസരത്ത് വൈകിട്ട് 6.30 നാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്. പൊതുയോഗത്തില്‍ വെച്ച് ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസിനെതിരെ ഉള്‍പ്പെടെ തെളിവുകള്‍ പുറത്തുവിടുമെന്നാണ് അന്‍വറിന്റെ അവകാശവാദം. പുതിയ പാര്‍ട്ടി രൂപീകരിക്കുന്ന കാര്യത്തിലും അന്‍വര്‍ ഇന്ന് നിലപാട് അറിയിച്ചേക്കും. മാമി തിരോധാനത്തില്‍ കോഴിക്കോട് പൊതുയോഗം നടത്തുമെന്നും അന്‍വര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നിലമ്പൂരില്‍ പോലീസ് സുരക്ഷ വര്‍ധിപ്പിച്ചു.