കൊച്ചി എടയാര്‍ വ്യവസായ കമ്പനിയില്‍ പൊട്ടിത്തെറി ; ഒരാള്‍ മരണപ്പെട്ടു, രണ്ട് പേര്‍ക്ക് പരിക്കേറ്റു

കൊച്ചി: കൊച്ചി എടയാര്‍ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഇതേ കമ്പനിയില്‍ ജോലിചെയ്യുന്ന ഒഡിഷ സ്വദേശിയായ അജയ് കുമാറാണ് മരിച്ചത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Also Read ; ‘സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കെ ടി ജലീലിന്റെ പ്രസ്താവന താന്‍ കേട്ടിട്ടില്ല’- അന്‍വര്‍ എംഎല്‍എ
മൃഗക്കൊഴുപ്പ് സംസ്‌കരിക്കുന്ന ഫോര്‍മല്‍ ട്രേഡ് ലിങ്ക് എന്ന കമ്പനിയിലാണ് പൊട്ടിത്തെറിയുണ്ടായത്. ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരമായി പുറത്തുവന്നിരുന്നത്. എന്നാല്‍ കമ്പനിയിലെ മിനി ബോയിലര്‍ പൊട്ടിത്തെറിച്ചാണ് അപകടമെന്ന് പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു. ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. ഫയര്‍ ഫോഴ്‌സും പോലീസും സ്ഥലത്തെത്തിയിരുന്നു.
ഷിഫ്റ്റ് അനുസരിച്ച് ജോലിക്കുണ്ടായിരുന്നത് 4 ഇതര സംസ്ഥാന തൊഴിലാളികളാണ് അപകട സമയത്ത് സ്ഥാപനത്തില്‍ ഉണ്ടായിരുന്നത്. മൃഗക്കൊഴുപ്പ് സംസ്‌കരിച്ച് സോപ്പ് നിര്‍മാണ കമ്പനികള്‍ക്ക് കൈമാറുന്ന സ്ഥാപനമാണിത്.അതേസമയം മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. മിനി ബോയിലര്‍ വാങ്ങിയതും പ്രവര്‍ത്തിപ്പിച്ചതും മാനദണ്ഡം പാലിക്കാതെയെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പ് ഡയറക്ടര്‍ പി പ്രമോദ് പറഞ്ഞു. മിനി ബോയിലര്‍ ആയതിനാല്‍ കമ്പനിയില്‍ വാര്‍ഷിക പരിശോധന നടത്തിയിട്ടില്ലെന്ന് ബിനാനിപുരം പോലീസ് പറഞ്ഞു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..