എം.ടി വാസുദേവന്‍ നായരുടെ വീട്ടിലെ കവര്‍ച്ച; പാചകക്കാരിയും ബന്ധുവും അറസ്റ്റില്‍
കോഴിക്കോട്: എം.ടി വാസുദേവന്‍ നായരുടെ വീട്ടിലെ കവര്‍ച്ചയില്‍ പ്രതികള്‍ അറസ്റ്റില്‍. വീട്ടിലെ പാചകക്കാരിയും അവരുടെ ബന്ധുവുമാണ് നടക്കാവ് പോലീസിന്റെ പിടിയിലായത്. കിഴക്കെ നടക്കാവ് കൊട്ടാരം റോഡിലെ സിത്താര വീട്ടില്‍ നിന്നും അലമാരയുടെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 26 പവന്റെ സ്വര്‍ണാഭരണങ്ങളാണ് കഴിഞ്ഞ ദിവസം മോഷണം പോയത്.
നടക്കാവ് പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. ആഭരണം നഷ്ടപ്പെട്ട വിവരം വെള്ളിയാഴ്ച രാവിലെത്തന്നെ പോലീസ് അറിഞ്ഞിരുന്നുവെങ്കിലും രേഖാമൂലം പരാതി ലഭിക്കാത്തതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തില്ല. തുടര്‍ന്ന്, രാത്രി ഒമ്പതരയോടെ എം.ടി.യുടെ ഭാര്യ എസ്.എസ്. സരസ്വതി വീട്ടില്‍വെച്ച് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അര്‍ധരാത്രിയോടെയാണ് കേസെടുത്തത്.
മൂന്ന് സ്വര്‍ണമാല, ഒരു വള, രണ്ട് ജോഡി കമ്മല്‍, വജ്രംപതിച്ച രണ്ട് ജോഡി കമ്മല്‍, വജ്രം പതിച്ച ഒരു ലോക്കറ്റ്, മരതകം പതിച്ച ഒരു ലോക്കറ്റ് എന്നിവയാണ് നഷ്ടപ്പെട്ടത്. സെപ്റ്റംബര്‍ 22-നും 30-നും ഇടയിലാണ് മോഷണം നടന്നത് എന്നാണ് പരാതിയില്‍ പറയുന്നത്. കിടപ്പുമുറിയിലെ അലമാരയില്‍ ലോക്കറില്‍ വെച്ച് പൂട്ടിയ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. നഷ്ടപ്പെട്ട ആഭരണങ്ങളോടൊപ്പം ഉണ്ടായിരുന്ന മറ്റ് മുപ്പത്തിയഞ്ച് പവന്റെ ആഭരണം ലോക്കറില്‍ത്തന്നെ ഉണ്ട്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ലോക്കറില്‍നിന്ന് കാണാതായ ആഭരണങ്ങള്‍ ബാങ്ക് ലോക്കറിലോ മറ്റോ ഉണ്ടോ എന്ന് പരിശോധിക്കേണ്ടിയിരുന്നതുകൊണ്ടാണ് പരാതി രേഖാമൂലം നല്‍കാന്‍ വൈകിയതെന്ന് വീട്ടുകാര്‍ പോലീസില്‍ അറിയിച്ചിട്ടുണ്ട്. അലമാര കുത്തിപ്പൊളിച്ചിട്ടില്ല. വീട്ടില്‍ എവിടേയും കവര്‍ച്ച നടന്നതിന്റെ ലക്ഷണങ്ങളുമില്ലായിരുന്നു. അലമാര വെച്ച മുറിയില്‍ത്തന്നെ സൂക്ഷിച്ചുവെച്ചിരുന്ന താക്കോലെടുത്ത് അലമാര തുറന്നെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം.