‘മലപ്പുറം ജില്ലാ രൂപീകരണത്തിനെതിരെ കുട്ടിപാക്കിസ്ഥാന്‍ എന്ന് വിളിച്ചവരല്ലേ കോണ്‍ഗ്രസുകാര്‍’ ; ജലീലും പ്രതിപക്ഷവും കൊമ്പുകോര്‍ത്തു
തിരുവനന്തപുരം: നിയമസഭയില്‍ മലപ്പുറം ജില്ലാ രൂപീകരണവുമായി ബന്ധപ്പെട്ട് കെ ടി ജലീല്‍ നടത്തിയ പരാമര്‍ശത്തില്‍ സഭയില്‍ പ്രതിപക്ഷം ബഹളം വച്ചു.
കമ്മ്യൂണിസ്റ്റുകള്‍ ആര്‍എസ്എസിനൊപ്പമാണെന്ന് പറയുന്നത് അബദ്ധമാണെന്ന് പറഞ്ഞ ജലീല്‍ മലപ്പുറം ജില്ലാ രൂപീകരണത്തിനെതിരെ കുട്ടിപാക്കിസ്ഥാന്‍ എന്ന് വിളിച്ചവരല്ലേ കോണ്‍ഗ്രസുകാരെന്നും പറഞ്ഞതോടെ സഭയില്‍ പ്രതിഷേധം കനക്കുകയായിരുന്നു. ജലീലിനെതിരെ പ്രതിപക്ഷ നേതാവ് രംഗത്തെത്തുകയും ജലീല്‍ ഒരിക്കലും പറയാന്‍ പാടില്ലാത്ത പരാമര്‍ശമാണെന്നും വിഡി സതീശന്‍ പ്രതികരിച്ചു.
ജലീല്‍ നടത്തിയത് ഗാന്ധി നിന്ദയും നെഹ്രു നിന്ദയുമാണ്. ഇത് തിരുത്തണമെന്നും സതീശന്‍ പറഞ്ഞതോടെ പരിശോധിക്കാമെന്നു സ്പീക്കര്‍ മറുപടി നല്‍കുകയായിരുന്നു. എന്നാല്‍ പരാമര്‍ശം ആവര്‍ത്തിക്കുകയായിരുന്നു ജലീല്‍. ഇതോടെ സഭയില്‍ പ്രതിപക്ഷം ബഹളം വെച്ചു. പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയും പ്രതിഷേധിച്ചു. സ്പീക്കര്‍ പരിശോധിക്കാമെന്ന് പറഞ്ഞ വാചകം വീണ്ടും ആവര്‍ത്തിച്ചത് ശരിയോ എന്ന് വിഡി സതീശന്‍ ചോദിച്ചു. സിഎച്ചിന്റെ പ്രസംഗം മുഴുവന്‍ വായിച്ചിട്ടുണ്ട്. പികെ ബഷീര്‍ ഒന്നും വായിച്ച് കാണില്ലെന്ന് ജലീല്‍ പറഞ്ഞതോടെ ബഷീര്‍ വായിച്ചോ വായിച്ചില്ലേ എന്ന് പറയാന്‍ ഇവനാരാണ് സാര്‍ എന്നായി പികെ ബഷീര്‍. വ്യക്തിപരമായ പരാമര്‍ശങ്ങളും അണ്‍പാര്‍ലമന്ററി പ്രയോഗങ്ങളും രേഖയിലുണ്ടാകില്ലെന്നും സ്പീക്കര്‍ പറഞ്ഞു.
മലബാര്‍ കലാപത്തെ ഒറ്റു കൊടുത്തവരാണ് കോണ്‍ഗ്രസ്. 1971 വരെ അത് സ്വാതന്ത്ര്യ സമരം അല്ലെന്നവര്‍ പ്രചരിപ്പിച്ചു. ഗോള്‍വാള്‍ക്കറുടെ മുന്നില്‍ വിളക്ക് കൊളുത്തിയതും വണങ്ങിയതും പ്രതിപക്ഷ നേതാവല്ലേയെന്നും ജലീല്‍ ചോദിച്ചു. ഏതെങ്കിലും ഒരു കോണ്‍ഗ്രസ് നേതാവ് പേരിനെങ്കിലും ആര്‍എസ്എസിനെതിരെ കയ്യുയര്‍ത്തിയിട്ടെങ്കിലും ഉണ്ടോ എന്നും കുഞ്ഞാലിക്കുട്ടിയോട് കെടി ജലീല്‍ ചോദിച്ചു. ഇതോടെ ജലീലും പ്രതിപക്ഷവും തമ്മിലുള്ള വാക്കു തര്‍ക്കം തുടരുകയായിരുന്നു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..