December 26, 2024
#india #Top Four

ഹരിയാനയില്‍ മൂന്നാംമൂഴത്തിന് ഒരുങ്ങി ബിജെപി ; ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം

ഛണ്ഡീഗഡ്: തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ രാജ്യം ഒരുപോലെ ആകാംഷയോടെ നോക്കിനിന്ന സംസ്ഥാനമായിരുന്നു ഹരിയാന. എന്നാല്‍ വോട്ടെണ്ണല്‍ ട്വിസ്റ്റുകള്‍ക്കൊടുവില്‍ മൂന്നാമതും ഭരണം നിലനിര്‍ത്തി ബിജെപി.ആദ്യ ഘട്ടത്തില്‍ മുന്നേറിയ കോണ്‍ഗ്രസ് വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ പിറക പോയത് പാര്‍ട്ടി നേതാക്കളെ ഞെട്ടിച്ചു. ജാട്ട് സമുദായത്തിന് മുന്‍തൂക്കമുള്ള മേഖലകളിലടക്കം അട്ടിമറി മുന്നേറ്റം നടത്തിയ ബിജെപി 49 സീറ്റുകളുമായി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സീറ്റ് നിലയിലെത്തി. അതേസമയം ദുഷ്യന്ത് ചൗതാലയുടെ ജെജെപി തകര്‍ന്നടിഞ്ഞു. ഐഎന്‍എല്‍ഡി ഒരു സീറ്റില്‍ ഒതുങ്ങി. കോണ്‍ഗ്രസിന് 36 സീറ്റാണ് നേടാനായത്.

Also Read ; സത്യം ജയിച്ചുവെന്ന് വിനേഷ് ഫോഗട്ട് ; ജുലാനയില്‍ ഫോഗട്ടിന് മിന്നുംജയം,തിരിച്ചുപിടിച്ചത് രണ്ട് പതിറ്റാണ്ട് കോണ്‍ഗ്രസിനെ കൈവിട്ട മണ്ഡലം

ഹരിയാനയില്‍ വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറില്‍ ആഘോഷം കോണ്‍ഗ്രസിന്റെ കേന്ദ്രങ്ങളിലായിരുന്നു. എല്ലാ മാധ്യമങ്ങളും കോണ്‍ഗ്രസിന് 70ലധികം സീറ്റ് ലഭിക്കുമെന്നാണ് പ്രവചിച്ചത്. എന്നാല്‍ ഒമ്പതരയോടെ ഇത് മാറി മറിഞ്ഞു. വോട്ടിങ് മെഷീനുകളിലെ കണക്ക് വന്നു തുടങ്ങിയതോടെ കോണ്‍ഗ്രസ് പെട്ടെന്ന് താഴേക്ക് പോയി. ഇടയ്ക്ക് ഇഞ്ചാടിഞ്ചായെങ്കിലും പിന്നീട് ബിജെപി വ്യക്തമായ മേധാവിത്വം ഉറപ്പിച്ചു. തെക്കന്‍ ഹരിയാനയും രാജസ്ഥാനുമായി ചേര്‍ന്നു കിടക്കുന്ന ആഹിര്‍വാള്‍ മേഖലയും ബിജെപി തൂത്തു വാരി. ഡല്‍ഹിക്ക് ചുറ്റും കിടക്കുന്ന പത്തില്‍ എട്ടു സീറ്റിലും ബിജെപിയാണ് ജയിച്ചത്. യുപിയുമായി ചേര്‍ന്നു കിടക്കുന്നു ജാട്ട് സ്വാധീന മേഖലകളില്‍ പകുതി സീറ്റുകളില്‍ കോണ്‍ഗ്രസിനെ തോല്‍പിക്കാന്‍ ബിജെപിക്ക് സാധിച്ചത് അവരെ വന്‍ വിജയത്തിലേക്ക് നയിച്ചു.

പഞ്ചാബുമായി ചേര്‍ന്നു കിടക്കുന്ന ജാട്ട്-സിഖ് മേഖലകളിലും മധ്യ ഹരിയാനയിലുമാണ് കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ വിജയിക്കാനായത്. കോണ്‍ഗ്രസ് സഖ്യത്തില്‍ മത്സരിച്ച സിപിഎമ്മിന്റെ ഓംപ്രകാശിന് ഭിവാനി സീറ്റീല്‍ ജയിക്കാനായില്ല. ദേവിലാലിന്റെ കുടുംബം നിയന്ത്രിക്കുന്ന രണ്ടു പാര്‍ട്ടികളില്‍ ഐ.എന്‍.എല്‍.ഡി രണ്ടു സീറ്റുകളുമായി പിടിച്ചു നിന്നു. ദുഷ്യന്തിന് ഇത്തവണ കനത്ത തിരിച്ചടിയേറ്റു. ഉച്ചാന കലാന്‍ സീറ്റില്‍ ദുഷ്യന്ത് അഞ്ചാം സ്ഥാനത്തേക്ക് പോയി. ദുഷ്യന്തിന്റെ അനുജന്‍ ദ്വിഗ്വിജയ് ചൗതാലയും തോറ്റു. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ ഭജന്‍ലാലിന്റെ ചെറുമകന്‍ ഭവ്യ ബിഷ്‌ണോയിയും ബന്‍സിലാലിന്റെ ചെറുമകള്‍ ശ്രുതി ചൗധരിയും ബിജെപി ടിക്കറ്റില്‍ വിജയം കണ്ടു. രോതക് അടക്കമുള്ള ശക്തികേന്ദ്രങ്ങള്‍ നിലനിര്‍ത്തിയത് മാത്രമാണ് ഭുപീന്ദര്‍ ഹൂഡയ്ക്ക് ആശ്വാസം.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

ഒബിസി വിഭാഗത്തില്‍ നിന്നുള്ള സൈനിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടി ജാട്ട് ഇതര വോട്ടുകള്‍ സമാഹരിക്കാനുള്ള ബിജെപി നീക്കം വിജയിച്ചു എന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. പിന്നാക്ക ദളിത് വിഭാഗങ്ങളിലെ ഈ അടിയൊഴുക്ക് തിരിച്ചറിയാന്‍ കോണ്‍ഗ്രസിനും ഹുഡയ്ക്കുമായില്ല. അധികാരത്തിലെത്തിയ ഉടന്‍ സ്ത്രീകള്‍ക്ക് അടക്കം പ്രഖ്യാപിച്ച ക്ഷേമപദ്ധതികളും നായബ് സിംഗ് സൈനിയെ സഹായിച്ചിരിക്കുന്നു.

 

Leave a comment

Your email address will not be published. Required fields are marked *