നടന്‍ ടി പി മാധവന്‍ അന്തരിച്ചു
കൊല്ലം: മലയാള സിനിമാ നടന്‍ ടി പി മാധവന്‍ അന്തരിച്ചു.89 വയസായിരുന്നു. കൊല്ലത്തെ എന്‍.എസ് സഹകരണ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം ഉദര സംബന്ധമായ അസുഖത്തെ തുടര്‍ത്ത് അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. പിന്നാലെ ആരോഗ്യനില മോശമാവുകയും തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
മലയാള സിനിമയുടെ താരസംഘടനയായ ‘അമ്മ’യുടെ ആദ്യത്തെ ജനറല്‍ സെക്രട്ടറി കൂടിയായിരുന്നു ടി പി മാധവന്‍. കഴിഞ്ഞ എട്ട് വര്‍ഷമായി പത്തനാപുരത്തെ ഗാന്ധി ഭവനില്‍ ആയിരുന്നു ടി പി മാധവന്‍ താമസിച്ചിരുന്നത്. ഇവിടെ വച്ചായിരുന്നു ആരോഗ്യനില മോശമാകുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തത്.
1975ല്‍ നടന്‍ മധു സംവിധാനം ചെയ്ത കാമം ക്രോധം മോഹം എന്ന ചിത്രത്തിലൂടെയാണ് ടി പി മാധവന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ശേഷം രാഗം എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്ത് സജീവ സാന്നിധ്യമായി.പിന്നീട് മക്കള്‍, അഗ്‌നിപുഷ്പം, പ്രിയംവദ, തീക്കനല്‍, മോഹിനിയാട്ടം, സീമന്തപുത്രന്‍, ശങ്കരാചാര്യര്‍, കാഞ്ചനസീത സന്ദേശം, വിയറ്റ്‌നാം കോളനി, പപ്പയുടെ സ്വന്തം അപ്പൂസ്, കല്യാണരാമന്‍, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, താണ്ഡവം, നരസിംഹം തുടങ്ങി അറുന്നൂറോളം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു. നിരവധി സീരിയലുകളിലും ടി പി മാധവന്‍ അഭിനയിച്ചിരുന്നു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..