മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയില്‍ ചേര്‍ന്നു ; സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ അംഗത്വം നല്‍കി
തിരുവനന്തപുരം: മുന്‍ ഡിപിജി ആര്‍ ശ്രീലേഖ ബിജെപിയില്‍ ചേര്‍ന്നു. വൈകുന്നേരം നാലുമണിക്ക് ശ്രീലേഖയുടെ വീട്ടിലെത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് അംഗത്വം നല്‍കിയത്.കേരളത്തില്‍ ഡിജിപി റാങ്കിലെത്തിയ ആദ്യ വനിതയാണ് ശ്രീലേഖ. കേരളത്തിലെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയാണ് ശ്രീലേഖ. 1987 ബാച്ച് ഉദ്യോഗസ്ഥയാണ്. 2020ലാണ് വിരമിച്ചത്. കേരളത്തില്‍ ബിജെപിയില്‍ ചേര്‍ന്ന മൂന്നാം ഡിജിപിയാണ് ശ്രീലേഖ.
Also Read ; കാശ് കൊടുത്താല്‍ ബിജെപിയുടെ ‘മധുര പ്രതികാരം’ രാഹുലിന് കഴിക്കാം
അതേസമയം 3 ആഴ്ചത്തെ ആലോചനക്ക് ശേഷമാണ് ബിജെപിയില്‍ ചേര്‍ന്നതെന്നാണ് ശ്രീലേഖ പ്രതികരിച്ചത്. തുടര്‍ന്നും സേവനം ചെയ്യാന്‍ പറ്റുന്ന അവസരമായി കാണുന്നുവെന്നും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങുന്നതിനെ കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും ശ്രീലേഖ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഭാവലയത്തില്‍ ആകര്‍ഷിച്ചാണ് ബിജെപിയില്‍ ചേര്‍ന്നതെന്ന് ശ്രീലേഖ പറഞ്ഞു. ബിജെപിയുടെ ആദര്‍ശങ്ങളോട് വിശ്വാസമുണ്ടെന്നും പാര്‍ട്ടിയില്‍ ചേര്‍ന്ന ശേഷം ശ്രീലേഖ മാധ്യമങ്ങളോട് പ്രതികരിച്ചു.
‘രണ്ട് മൂന്ന് ആഴ്ചയ്ക്ക് മുമ്പാണ് ഇങ്ങനൊരു നിര്‍ദേശം വന്നത്. എനിക്ക് ആലോചിച്ച് തീരുമാനിക്കണമെന്ന് പറഞ്ഞു. ആലോചിച്ച് തീരുമാനിച്ചു. നരേന്ദ്ര മോദിയുടെ പ്രഭാവമാണ് ബിജെപിയില്‍ ചേരാന്‍ കാരണം. മുപ്പത്തിമൂന്നര വര്‍ഷം നിഷ്പക്ഷമായ പോലീസ് ഉദ്യോഗസ്ഥയായിരുന്നു. വിരമിച്ചതിന് ശേഷം പല കാര്യങ്ങളും മാറി നിന്ന് കാണാന്‍ തുടങ്ങി, അതിനുശേഷമുള്ള എന്റെ അനുഭവത്തിന്റെയും അറിവിന്റെയും പശ്ചാത്തലത്തില്‍ ജനസമൂഹത്തിന് തുടര്‍ന്നും സേവനം ചെയ്യാന്‍ വേണ്ടി ഇതാണ് ഏറ്റവും നല്ല വഴിയെന്ന് തോന്നി. ബിജെപിയുടെ ആദര്‍ശങ്ങളോട് വിശ്വാസമുണ്ട്. ബിജെപിയുടെ കൂടെ നില്‍ക്കുന്നുവെന്നത് തന്നെ വലിയ സന്ദേശമാണ്,’ ശ്രീലേഖ പറഞ്ഞു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ശ്രീലേഖ ഐപിഎസ് ധീരവനിതയാണെന്ന് കെ സുരേന്ദ്രനും കൂട്ടിച്ചേര്‍ത്തു. പോലീസില്‍ പല വിപ്ലവ മാറ്റങ്ങളും കൊണ്ടുവന്നയാളാണ് ശ്രീലേഖയെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അവരുടെ അനുഭവ സമ്പത്തും, അവരുണ്ടാക്കിയ മാറ്റങ്ങളും ബിജെപിക്കും പ്രവര്‍ത്തകര്‍ക്കും മുതല്‍ക്കൂട്ടാകുമെന്നും അത് നാടിനും പ്രയോജനമുണ്ടാകുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ‘ഹരിയാനയിലും ജമ്മു കശ്മീരിലും ബിജെപി അത്യുജ്ജല വിജയം കൈവരിച്ചു. ഈ സാഹചര്യത്തില്‍ കൂടിയാണ് ശ്രീലേഖ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ജി പത്ത് വര്‍ഷം രാജ്യത്തുണ്ടാക്കിയ അത്ഭുതപരമായ പുരോഗതിയില്‍ അവര്‍ക്ക് വലിയ താല്‍പര്യമുണ്ട്. അതുകൊണ്ടാണ് ബിജെപിയില്‍ ചേരാന്‍ അവര്‍ തീരുമാനിച്ചത്’, സുരേന്ദ്രന്‍ പറഞ്ഞു.
‘കൂടെ നിര്‍ത്താന്‍ സാധിക്കുന്ന പാര്‍ട്ടിയാണെന്ന വിശ്വാസം ജനങ്ങളില്‍ സംജാതമായിരിക്കുന്നു. പ്രമുഖരായ പല വ്യക്തികളും ബിജെപിയില്‍ ചേരുന്നു. കേരളവും ബിജെപിക്ക് ബാലികേറാമലയല്ല. 2026ല്‍ തന്നെ കേരളത്തില്‍ സര്‍ക്കാരുണ്ടാക്കാനുള്ള അക്ഷീണമായ പരിശ്രമത്തിലാണ് ഞങ്ങള്‍. ഞങ്ങള്‍ ജയിക്കുമ്പോള്‍ പൂരം കലക്കിയാണ് ജയിച്ചതെന്ന് പറഞ്ഞ് നിങ്ങള്‍ ആശ്വാസം കൊള്ളുക. ഞങ്ങള്‍ കേരളത്തില്‍ അടിവെച്ച് മുന്നോട്ട് പോകും. ഞങ്ങള്‍ നല്ല നല്ല വ്യക്തികളെ തിരഞ്ഞുപിടിച്ച് പാര്‍ട്ടിയില്‍ ചേര്‍ക്കുകയാണ്’, കെ സുരേന്ദ്രന്‍ വ്യക്തമാക്കി.