പിപി ദിവ്യയെ അവിശ്വസിക്കേണ്ടെന്ന ഡിവൈഎഫ്‌ഐ നിലപാട് തള്ളി പത്തനംതിട്ട ജില്ലാ സെക്രട്ടറി, കളക്ടര്‍ ഉത്തരവാദിത്വം നിറവേറ്റിയില്ലെന്നും വിമര്‍ശനം
പത്തനംതിട്ട: നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ കളക്ടര്‍ക്കെതിരെയും പിപി ദിവ്യക്കെതിരെയും വീണ്ടും രൂക്ഷ വിമര്‍ശനവുമായി പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു. കളക്ടര്‍ ഉത്തരവാദിത്തം നിറവേറ്റിയിട്ടില്ലെന്ന് പറഞ്ഞ ഉദയഭാനു സ്വകാര്യ യാത്രയയപ്പ് പരിപാടിയില്‍ മാധ്യമങ്ങള്‍ പങ്കെടുക്കരുതായിരുന്നെന്നും പറഞ്ഞു. പാര്‍ട്ടി ജനതാല്‍പ്പര്യത്തിന് ഒപ്പമാണെന്നും പിപി ദിവ്യക്കെതിരെ സംഘടനാ നടപടി വേണമെന്നും ഉദയഭാനു മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം പിപി ദിവ്യയെ അവിശ്വസിക്കേണ്ടെന്ന ഡിവൈഎഫ്‌ഐ നിലപാടും ഉദയഭാനു തള്ളി. പാര്‍ട്ടി പൂര്‍ണ്ണമായും നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണ്. അതല്ലാതെ ഏതു സംഘടന ദിവ്യയെ പിന്തുണച്ചാലും അംഗീകരിക്കാന്‍ ആവില്ല. ദിവ്യയുടെ പെരുമാറ്റം പൊതുപ്രവര്‍ത്തകര്‍ക്ക് ഒരു പാഠമാകണമെന്നും ഉദയഭാനു പറഞ്ഞു. അതേസമയം, പിപി ദിവ്യക്കെതിരെ സംഘടനാ നടപടി ഉടന്‍ ഉണ്ടാവില്ലെന്നാണ് പാര്‍ട്ടി തീരുമാനം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ വീഴ്ച വരുത്തിയപ്പോഴാണ് ഔദ്യോഗിക പദവിയില്‍ നടപടി സ്വീകരിച്ചത്. പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് കൂടി വന്ന ശേഷം തുടര്‍നടപടികള്‍ തീരുമാനിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ തീരുമാനിച്ചു. ദിവ്യയ്ക്ക് വീഴ്ച ഉണ്ടായെന്ന് കണ്ടെത്തിയാല്‍ മാത്രമേ സംഘടനാ നടപടി ഉണ്ടാകൂവെന്നും നേതൃത്വം തീരുമാനിച്ചു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..