പ്രിയങ്കയുടെ പത്രിക സമര്‍പ്പണം ഇന്ന്, വയനാട്ടില്‍ റോഡ് ഷോ; ചേലക്കരയിലും നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഇന്ന്
കല്‍പ്പറ്റ: പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ 11 മണിക്ക് കല്‍പ്പറ്റ ന്യൂ ബസ് സ്റ്റാന്‍ഡില്‍ നിന്ന് റോഡ് ഷോയുടെ അകമ്പടിയിലായിരിക്കും പത്രികാ സമര്‍പ്പണം നടക്കുക. റോഡ് ഷോയുടെ സമാപന വേദിയില്‍ പ്രിയങ്ക ഗാന്ധി പ്രവര്‍ത്തകരെ അഭിസംബോധനം ചെയ്യും.റോഡ് ഷോയ്ക്കുശേഷം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാകും പത്രികാ സമര്‍പ്പണം.
പത്രികാ സമര്‍പ്പണം ആഘോഷമാക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.
പ്രിയങ്കയ്ക്ക് ഒപ്പം, സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെയും കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും റോഡ് ഷോയില്‍ പങ്കെടുക്കും. സോണിയക്കും റോബര്‍ട്ട് വദ്രയ്ക്കും മക്കള്‍ക്കും ഒപ്പമാണ് കന്നി അങ്കത്തിനായി പ്രിയങ്ക ഇന്നലെ വൈകിട്ട് വയനാട്ടിലെത്തിയത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
അതേസമയം, ചേലക്കരയിലെ മൂന്ന് മുന്നണികളുടെ സ്ഥാനാര്‍ത്ഥികളും ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ പത്ത് മണിക്കാണ് ഇടത് സ്ഥാനാര്‍ഥി യു.ആര്‍. പ്രദീപ് പത്രിക സമര്‍പ്പിക്കുക. വടക്കാഞ്ചേരി താലൂക്ക് ഓഫീസിലേക്ക് പ്രകടനമായി ഇടത് സ്ഥാനാര്‍ത്ഥി എത്തും. എന്‍ഡിഎ സ്ഥാനാര്‍ഥി കെ.ബാലകൃഷ്ണന്‍ പതിനൊന്നര മണിക്കും യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് ഉച്ചകഴിഞ്ഞ് ഒന്നരയോടെയും പത്രിക സമര്‍പ്പിക്കും.