ട്രംപിനെ കണ്ട് സ്വര്‍ണം വിരണ്ടു; ഇന്ന് പവന് കുറഞ്ഞത് 1320 രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. പവന് 1320 രൂപ കുറഞ്ഞതിനാല്‍ 57,600 രൂപയാണ് ഇന്നത്തെ വിപണി വില. ഗ്രാമിന് 165 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 7200 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5930 രൂപയാണ്.
നവംബര്‍ ഒന്നാം തീയതി മുതല്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവുണ്ടായിരുന്നു. നവംബര്‍ ആറിന് മാത്രമാണ് വര്‍ദ്ധനവ് ഉണ്ടായത്. അന്താരാഷ്ട്ര സ്വര്‍ണവില 80 ഡോളറോളം ഇടിഞ്ഞ് 2660 ഡോളറിലെത്തി. ഒക്ടോബര്‍ 19ന് വില 58,000വും ഒക്ടോബര്‍ 29ന് വില 59,000വും കടന്നിരുന്നു. ഒക്ടോബര്‍ പത്തിന് രേഖപ്പെടുത്തിയ 56,200 രൂപയാണ് സമീപകാലത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണവില.
Also Read; ഡിവൈഎഫ്‌ഐയുടെ ട്രോളി ബാഗ് സമരത്തിന് മറുപടിയായി കോണ്‍ഗ്രസും ട്രോളി ബാഗ് സമരത്തിന്
റോക്കറ്റ് പോലെ കുതിച്ചുയര്‍ന്ന സ്വര്‍ണവില കുറേ നാളുകള്‍ക്ക് ശേഷം ഇതാദ്യമായാണ് ഒറ്റയടിക്ക് ആയിരം രൂപയിലധികം കുറയുന്നത്. അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലം സ്വര്‍ണവിപണിയെ സ്വാധീനിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പവന് 60,000 കടക്കുമെന്ന് പ്രവചിച്ചിടത്ത് നിന്നാണ് ഡൊണാള്‍ഡ് ട്രംപിനെ പ്രസിഡന്റായി തെരഞ്ഞെടുത്തതോടെ താഴോട്ട് എത്തുന്നത്.
തെരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി 2025 ജനുവരിയിലാണ് ട്രംപ് യുഎസ് പ്രസിഡന്റ് പദത്തിലേറുക. എങ്കിലും ട്രംപ് സ്വീകരിച്ചേക്കാവുന്ന നയങ്ങള്‍ അമേരിക്കയുടെയും ലോകത്തിന്റെയും സാമ്പത്തിക രംഗത്തും ചലനങ്ങള്‍ സൃഷ്ടിച്ചേക്കാമെന്നാണ് വിലയിരുത്തലുകള്‍. അതേസമയം, സ്വര്‍ണവില ഇനി കുതിച്ചുകയറാനുള്ള സാദ്ധ്യത കുറവാണെന്ന വിലയിരുത്തലുകളുമുണ്ട്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..