ദിവ്യയുടെ ജാമ്യം റദ്ദാക്കണം; ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനൊരുങ്ങി നവീന്‍ ബാബുവിന്റെ കുടുംബം
പത്തനംതിട്ട: നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിയായ പിപി ദിവ്യയുടെ ജാമ്യഹര്‍ജിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങി നവീന്‍ ബാബുവിന്റെ കുടുംബം. പി.പി ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം ഹൈക്കോടതിയെ സമീപിക്കുക. എസ്‌ഐടി അന്വേഷണം കാര്യക്ഷമമല്ലെന്നും കോടതിയെ ബോധ്യപ്പെടുത്തും. കൂടാതെ ഗൂഢാലോചന ഉള്‍പ്പെടെ അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെടും. കൂടുതല്‍ പ്രതികരിക്കാനില്ലെന്നായിരുന്നു ഇന്നലെ നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചിരുന്നത്.
അതേസമയം എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ദുഃഖമുണ്ടെന്നായിരുന്നു ജയില്‍ മോചിതയായ ശേഷം പിപി ദിവ്യയുടെ പ്രതികരണം. ‘മാധ്യമ പ്രവര്‍ത്തകരായാലും നാട്ടുകാരായാലും തന്നെ കാണാന്‍ തുടങ്ങിയിട്ട് ഒരുപാട് കാലമായി. എല്ലാവരുമായും സഹകരിച്ചുപോവുന്നതാണ് പതിവ്. ഏത് ഉദ്യോഗസ്ഥനോടും സദുദ്ദേശപരമായാണ് സംസാരിക്കാറുള്ളത്. കോടതിയില്‍ തന്റെ നിരപരാധിത്വം തെളിയിക്കും. എഡിഎമ്മിന്റെ മരണത്തില്‍ കൃത്യമായ അന്വേഷണം നടക്കണമെന്നും എഡിഎമ്മിന്റെ കുടുംബത്തെ പോലെ തന്റേയും ആഗ്രഹം സത്യം തെളിയണമെന്നാണെന്നും’ പിപി ദിവ്യ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ പാര്‍ട്ടി നടപടിയെക്കുറിച്ചുള്ള ചോദ്യങ്ങളോട് ദിവ്യ പ്രതികരിച്ചില്ല.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..