സ്‌കൂളിന്റെ മുന്നില്‍ ബാര്‍ വരരുത്; പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍
തിരുവനന്തപുരം: ബാറിന് അനുമതി ലഭിക്കാനായി തിരുവനന്തപുരം ഗവ. എസ്.എം.വി സ്‌കൂളിന്റെ ഗേറ്റ് മാറ്റിസ്ഥാപിക്കുന്നുവെന്ന് ആരോപണമുയര്‍ന്നതിന് പിന്നാലെ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. സ്‌കൂളിന്റെ മുന്നില്‍ ബാര്‍ വരാന്‍ പാടില്ലെന്നും തങ്ങളത് അനുവദിക്കില്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
‘നാളെ ഒരു സമയത്ത് നമ്മുടെ അനിയന്മാര്‍ പഠിക്കേണ്ട സ്ഥലമാണ്. നമ്മള്‍ തന്നെ പ്രതിഷേധിച്ചില്ലെങ്കില്‍ നാളെ അവര്‍ വഴിതെറ്റി പോകും. അത് എസ്.എം.വി സ്‌കൂളിലെ പിള്ളേര്‍ അനുവദിക്കില്ല. പത്താം ക്ലാസുകാര്‍ക്കും പ്ലസ് വണ്‍കാര്‍ക്കും വ്യത്യസ്ത ഗേറ്റുകള്‍ വഴി വരാനാണ് ഈ മാറ്റമെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞത്. എന്നാല്‍ ഈയടുത്താണ് ഗേറ്റ് പൊളിക്കുന്നത് ബാറിന് വേണ്ടിയാണെന്ന് ഞങ്ങള്‍ അറിയുന്നത്. അതുകൊണ്ടാണ് ഞങ്ങള്‍ പ്രതിഷേധിച്ചത്. അപ്പോഴേക്കും വിദ്യാര്‍ഥികളെ മുഴുവന്‍ പിടിച്ചുവെച്ചിരിക്കുകയാണ്. ആരെയും വിടുന്നില്ല’, പ്രതിഷേധിച്ച വിദ്യാര്‍ഥികളിലൊരാള്‍ പറഞ്ഞു. അതേസമയം സ്‌കൂളിന് മുന്നില്‍ പ്രതിഷേധിച്ച എസ്.എഫ്.ഐ, എ.ബി.വി.പി പ്രവര്‍ത്തര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി.
തിരുവനന്തപുരം ഗവ. എസ്.എം.വി സ്‌കൂളിന്റെ നേരെ എതിര്‍വശത്തായി ബാര്‍ ഹോട്ടലിന്റെ പണി പുരോഗമിക്കുകയാണ്. നേരത്തെ ബിയര്‍ പാര്‍ലര്‍ ആയിരുന്ന കെട്ടിടം പൊളിച്ച് ത്രീ സ്റ്റാര്‍ റേറ്റിങ്ങുള്ള ബാര്‍ ആക്കാനുള്ള പണികളാണ് നടക്കുന്നത്. സ്‌കൂളിന്റെ ഗേറ്റ് ദ്രുതഗതിയില്‍ മാറ്റിസ്ഥാപിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരത്തില്‍ ആരോപണമുയര്‍ന്നിരിക്കുന്നത്. സ്‌കൂളിന്റെ പ്രധാന കവാടത്തിന് തൊട്ടുപിന്നിലായിട്ടാണ് പുതിയ കവാടത്തിന്റെ പണി നടക്കുന്നത്.
സ്‌കൂള്‍ പ്രവേശന കവാടത്തില്‍ നിന്ന് 200 മീറ്റര്‍ ദൂരപരിധി പാലിച്ചാല്‍ മാത്രമേ ബാര്‍ ലൈസന്‍സ് ലഭിക്കുകയുള്ളൂ എന്നാണ് നിയമം. എന്നാല്‍ നിലവില്‍ സ്‌കൂളിന്റെ പ്രവേശന കവാടവും ബാറും തമ്മില്‍ നിഷ്‌കര്‍ഷിക്കുന്ന ദൂരപരിധിയുടെ പകുതിപോലുമില്ല. ബാര്‍ റോഡിന്റെ മറുവശത്ത് ആയതിനാല്‍ ഓവര്‍ബ്രിഡ്ജ് ചുറ്റിയോ ആയുര്‍വേദ ജങ്ഷന്‍ ചുറ്റിയോ ആണ് ദൂരപരിധി കണക്കാക്കുന്നത്. ഇങ്ങനെ നോക്കിയാല്‍പ്പോലും 200 മീറ്റര്‍ എന്ന പരിധി എത്തുന്നില്ല. ഈ സാഹചര്യം നിലനില്‍ക്കെയാണ് സ്‌കൂള്‍ഗേറ്റ് ഉള്ളിലേയ്ക്ക് മാറ്റുന്ന പണി തകൃതിയായി നടക്കുന്നത്. ഇക്കാരണത്താലാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..