വോട്ടര്‍പട്ടികയിലെ ക്രമക്കേട് ; കോടതിയെ സമീപിക്കുമെന്ന് സി കൃഷ്ണകുമാര്‍, പിന്നില്‍ എല്‍ഡിഎഫും യുഡിഎഫുമെന്ന് ആരോപണം
പാലക്കാട്: മണ്ഡലത്തില്‍ വ്യാപകമായി വോട്ടര്‍പട്ടികയില്‍ ക്രമക്കേട് കണ്ടെത്തിയ സംഭവത്തില്‍ കോടതിയെ സമീപിക്കുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ അറിയിച്ചു. ഇതിന് പിന്നില്‍ എല്‍ഡിഎഫും യുഡിഎഫുമാണെന്നും അദ്ദേഹം ആരോപിച്ചു.
Also Read ; പി വി അന്‍വറിനെതിരെ ക്രിമിനല്‍ അപകീര്‍ത്തി കേസ് നല്‍കി പി ശശി
ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിന്റെ വോട്ട് വാടക വീടിന്റെ മേല്‍വിലാസത്തിലാണെന്നും ആ വീട്ടില്‍ താമസിക്കുന്നത് വേറെ ആളുകളാണെന്നും കൃഷ്ണകുമാര്‍ ആരോപിച്ചു. ബിജെപിക്ക് അനുകൂലമായി കിട്ടുന്ന വോട്ടുകള്‍ ആസൂത്രിതമായി നീക്കി, ഇരുമുന്നണികളും വ്യാപകമായി കള്ളവോട്ട് ചേര്‍ക്കുകയാണ്. 1,68,000 കള്ളവോട്ടുകള്‍ സംബന്ധിച്ച് കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ല. കളക്ടറുടേത് നിഷേധാത്മക നിലപാടെന്നും ഇക്കാര്യത്തില്‍ കോടതിയെ സമീപിക്കുമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
അതേസമയം, പാലക്കാട്ടെ വ്യാജ വോട്ട് വിവാദത്തില്‍ ഇടപെട്ട് ജില്ലാ കളക്ടര്‍. സംഭവത്തില്‍ ബിഎല്‍ഒയോട് വിശദീകരണം തേടി. 176-ാം ബൂത്ത് ലെവല്‍ ഒഫീസര്‍ ഷീബയോടാണ് വിശദീകരണം തേടിയത്. നേരിട്ട് ഹാജരാകാനാണ് നിര്‍ദേശം.വ്യാജമായി വോട്ടുകള്‍ ചേര്‍ത്തെന്ന് കണ്ടെത്തിയ മേഖലയില്‍ അന്വേഷണം നടത്താന്‍ റവന്യൂ തഹസില്‍ദാര്‍ക്കും, റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കും ഇലക്ഷന്‍ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ കളക്ടറുടെ നിര്‍ദേശ പ്രകാരമാണ് നടപടി. ഉടന്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഡെപ്യൂട്ടി കളക്ടറുടെ നിര്‍ദേശമുണ്ട്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..