‘തന്റെ വിജയം യഥാര്‍ത്ഥത്തില്‍ വയനാട്ടിലെ ജനങ്ങളുടെ വിജയം’ ഫെയ്‌സ്ബുക്ക് കുറിപ്പുമായി പ്രിയങ്ക ഗാന്ധി
ബത്തേരി: വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചതിന് പിന്നാലെ ജനങ്ങള്‍ക്ക് നന്ദിയറിയിച്ച് പ്രിയങ്ക ഗാന്ധിയുടെ കുറിപ്പ്. തന്റെ വിജയം യഥാര്‍ത്ഥത്തില്‍ വയനാട്ടിലെ ജനങ്ങളുടെ വിജയമാണെന്നും പാര്‍ലമെന്റില്‍ വയനാടിന്റെ ശബ്ദമാകാന്‍ കാത്തിരിക്കുകയാണെന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പ്രിയങ്ക ഗാന്ധി പറഞ്ഞു. ജനങ്ങള്‍ക്ക് നന്ദി അറിയച്ചതിനോടൊപ്പം തന്നെ ഒപ്പം നിന്ന് പ്രവര്‍ത്തിച്ച പ്രവര്‍ത്തകര്‍ക്കും സഹോദരന്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക നന്ദി അറിയിച്ചു.
Also Read; ‘ചേലക്കരയില്‍ നിന്നും പിടിച്ച 3920 വോട്ടുകള്‍ പിണറായിസത്തിനെതിരായ വോട്ടാണ്’ : പി വി അന്‍വര്‍
മൂന്ന് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വയനാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയുടെ ജയം. വയനാട്ടില്‍ 64.27 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 73.57 ശതമാനം പോളിങ് രേഖപ്പെടുത്തിയ മണ്ഡലമായിരുന്നു വയനാട്. നിയമസഭാ മണ്ഡലങ്ങള്‍ തിരിച്ചുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ മാനന്തവാടിയിലാണ് (62.61) എറ്റവും കൂടുതല്‍ പോളിങ്ങ് രേഖപ്പെടുത്തിയത്. യുഡിഎഫിന് വേണ്ടി പ്രിയങ്ക ഗാന്ധി മത്സരരംഗത്തെത്തിയതോടെ ദേശീയ ശ്രദ്ധ കൂടിയ മണ്ഡലമായി വീണ്ടും വയനാട് മാറുകയായിരുന്നു. എല്‍ഡിഎഫിന് വേണ്ടി സത്യന്‍ മൊകേരിയും എന്‍ഡിഎയ്ക്ക് വേണ്ടി നവ്യ ഹരിദാസുമാണ് രംഗത്തിറങ്ങിയത്..
പ്രിയങ്കയുടെ കുറിപ്പിന്റെ പൂര്‍ണരൂപം
വയനാട്ടിലെ എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ,
നിങ്ങളെന്നിലര്‍പ്പിച്ച വിശ്വാസം എന്നെ വിനയാന്വിതയാക്കുന്നു. ഈ വിജയം നിങ്ങളോരോരുത്തരുടെയും വിജയമാണ്. ആ തോന്നല്‍ നിങ്ങളിലുണര്‍ത്തുന്ന രീതിയിലാകും എന്റെ പ്രവര്‍ത്തനമെന്ന് ഞാനുറപ്പുതരുന്നു. നിങ്ങളുടെ പ്രതീക്ഷകളും പ്രശ്‌നങ്ങളും ഉള്‍ക്കൊള്ളുന്ന, നിങ്ങളിലൊരാളായിത്തന്നെ കൂടെയുണ്ടാകുന്ന ഒരു പ്രതിനിധിയെയാണ് തിരഞ്ഞെടുത്തതെന്ന് നിങ്ങള്‍ക്കുറപ്പിക്കാം. പാര്‍ലമെന്റില്‍ വയനാടിന്റെ ശബ്ദമാകാന്‍ ഞാന്‍ ഒരുങ്ങി കഴിഞ്ഞു. എനിക്ക് ഈ അവസരം സമ്മാനിച്ചതിന് ഒരായിരം നന്ദി. അതിലുമേറെ, നിങ്ങളെനിക്കു നല്‍കിയ സ്‌നേഹത്തിന് നന്ദി.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ഈ യാത്രയിലുടനീളം എന്നോടൊപ്പം ഭക്ഷണമോ വിശ്രമമോ പോലുമില്ലാതെ നിന്ന ഐക്യ ജനാധിപത്യ മുന്നണിയിലെ എന്റെ സഹപ്രവര്‍ത്തകരോടും നേതാക്കളോടും പ്രവര്‍ത്തകരോടും എന്റെ ഓഫീസിലെ സുഹൃത്തുക്കളോടും ഞാന്‍ നന്ദി പറയുന്നു. നമ്മുടെ വിശ്വാസങ്ങളും നിലപാടുകളും വിജയത്തിലെത്തിക്കുന്നതിനായി പോരാളികളെപ്പോലെ പടപൊരുതുകയായിരുന്നു നിങ്ങള്‍.
എനിക്കു നല്‍കിയ ധൈര്യത്തിനും പിന്തുണയ്ക്കും എന്റെ അമ്മയോട്, റോബര്‍ട്ടിനോട്, എന്റെ രത്‌നങ്ങളായ മക്കള്‍ റൈഹാനോടും മിരായയോടും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. എന്റെ പ്രിയ സഹോദരന്‍ രാഹുല്‍, നിങ്ങളാണ് യഥാര്‍ത്ഥ ധൈര്യശാലി… നന്ദി, എല്ലായ്‌പോഴും എന്റെ വഴികാട്ടിയും ധൈര്യവും ആയി നിലകൊള്ളുന്നതിന്.