പത്തനംതിട്ടയില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥി അമ്മുവിന്റെ മരണം; മൂന്ന് സഹപാഠികളെ കസ്റ്റഡിയില്‍ വിട്ടു
പത്തനംതിട്ട: പത്തനംതിട്ട ചുട്ടിപ്പാറ നഴ്സിങ് കോളേജ് വിദ്യാര്‍ത്ഥി അമ്മു സജീവിന്റെ മരണത്തില്‍ മൂന്ന് സഹപാഠികളെ കസ്റ്റഡിയില്‍ വിട്ടു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത അലീന, അഷിത, അഞ്ജന എന്നിവരെ ഇന്ന് പത്തനംതിട്ട കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ മാസം 27ന് രാവിലെ പതിനൊന്ന് മണിയാണ് ഇവരെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.
ഈ മാസം 15നാണ് അമ്മു സജീവ് മരിച്ചത്. ഹോസ്റ്റലിന് മുകളില്‍ നിന്ന് ചാടിയെന്നായിരുന്നു വീട്ടില്‍ അറിയിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. അമ്മുവിന്റെ മരണത്തില്‍ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു. അമ്മു ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും സഹപാഠികളില്‍ നിന്ന് മാനസിക പീഡനമുണ്ടായെന്നും സഹോദരന്‍ പറഞ്ഞിരുന്നു. റാഗിങും വ്യക്തിഹത്യയും സ്ഥിരമായി നേരിട്ടിരുന്നതായും അമ്മുവിന്റെ മുറിയില്‍ ഈ മൂന്ന് പേര്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചിരുന്നുവെന്നും കുടുംബം പറഞ്ഞിരുന്നു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
അമ്മുവിന്റെ ഡയറിയില്‍ നിന്നും ലഭിച്ച ‘ഐ ക്വിറ്റ്’ എന്ന എഴുത്ത് ലഭിച്ചതോടെ ആത്മഹത്യയാണെന്ന നിഗമനത്തിലായിരുന്നു പോലീസുണ്ടായിരുന്നത്. എന്നാല്‍ ഡയറിയിലുള്ളത് അമ്മുവിന്റെ കയ്യക്ഷരമല്ലെന്ന് പിതാവ് പറഞ്ഞു. അമ്മുവിന് ഡയറി എഴുതുന്ന സ്വഭാവമില്ലെന്നും മറ്റാരെങ്കിലും എഴുതിയതാകാമെന്നും കുടുംബം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണവിധേയരായ സഹപാഠികളെ പോലീസ് അറസ്റ്റ് ചെയ്തത്.