കെ സുരേന്ദ്രന്‍, വി മുരളീധരന്‍, പി രഘുനാഥ് എന്നിവര്‍ ബിജെപിയിലെ കുറുവ സംഘമെന്ന് പോസ്റ്റര്‍
കോഴിക്കോട്: പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കോഴിക്കോട് ബിജെപി നേതാക്കള്‍ക്കെതിരെ പോസ്റ്റര്‍. കെ സുരേന്ദ്രന്‍, വി മുരളീധരന്‍, പി രഘുനാഥ് എന്നിവര്‍ ബിജെപിയിലെ കുറുവ സംഘമാണെന്നും ഇവരെ പുറത്താക്കി ബിജെപിയെ രക്ഷിക്കൂ എന്നുമാണ് പോസ്റ്ററിലുള്ളത്. സേവ് ബിജെപി എന്ന പേരിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.
Also Read; ആത്മകഥ വിവാദം: താന്‍ ആരെയും കരാര്‍ ഏല്‍പ്പിച്ചിട്ടില്ല,ഗൂഢാലോചനയുണ്ട്: ഇപി ജയരാജന്‍
ഉപതെരഞ്ഞെടുപ്പ് തോല്‍വിയുടെ സാഹചര്യത്തില്‍ വി മുരളീധരന് വേണ്ടി അധ്യക്ഷ സ്ഥാനത്തേക്കുള്ള ചരടുവലികള്‍ ബിജെപിയില്‍ തുടങ്ങിയിരിക്കുകയാണ്. എന്നാല്‍ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഇനിയില്ലെന്ന് വി മുരളീധരന്‍ ഇന്നലെ പ്രതികരിച്ചിരുന്നു. പറയാനുള്ളത് പറയേണ്ട വേദിയില്‍ പറയുമെന്നും മുരളീധരന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്ക് ബിജെപിയോടുള്ള സ്‌നേഹം തനിക്ക് മനസിലാകും. അമ്മയെ തല്ലുന്നത് നിര്‍ത്തിയോ എന്നതു പോലത്തെ ചോദ്യങ്ങളാണ് മാധ്യമങ്ങള്‍ ചോദിക്കുന്നത്. അഭിപ്രായങ്ങള്‍ പറയേണ്ട സ്ഥലത്താണ് പറയുന്നതെന്നും വി മുരളീധരന്‍ പ്രതികരിച്ചു. പാര്‍ട്ടി പറഞ്ഞാല്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമോ എന്ന ചോദ്യത്തിന് നല്ല ചോദ്യമാണെന്നായിരുന്നു മുരളീധരന്റെ മറുപടി. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ സി കൃഷ്ണകുമാര്‍ തോറ്റതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു മുരളീധരന്റെ പ്രതികരണം.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
അതേസമയം, വി മുരളീധരനെ ബിജെപി സംസ്ഥാന അധ്യക്ഷനാക്കാനുള്ള ഒരു വിഭാഗത്തിന്റെ നീക്കത്തിനെതിരെ ഒരു മുഴം മുമ്പെറിഞ്ഞുള്ള നീക്കമാണ് കെ സുരേന്ദ്രന്‍ നടത്തിയത്. രാജി സന്നദ്ധത സുരേന്ദ്രന്‍ അറിയിച്ചെങ്കിലും വ്യാപക വിമര്‍ശനങ്ങള്‍ക്കിടെയും കെ സുരേന്ദ്രന്‍ രാജിവെക്കേണ്ടതില്ലെന്ന് ബിജെപി കേന്ദ്ര നേതൃത്വം വ്യക്തമാക്കി.