December 22, 2024
#kerala #Top Four

കട്ടപ്പനയില്‍ ജീവനൊടുക്കിയ നിക്ഷേപകനെ ഭീഷണിപ്പെടുത്തി ബാങ്ക് മുന്‍ പ്രസിഡന്റ് ; ഫോണ്‍ സംഭാഷണം പുറത്ത്

ഇടുക്കി: കട്ടപ്പന സഹകരണ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബാങ്ക് മുന്‍ പ്രസിഡന്റ് വി ആര്‍ സജി ആത്മഹത്യ ചെയ്ത സാബുവിനെ ഭീഷണിപ്പെടുത്തിയെന്ന് സൂചന. ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സന്ദേശം പുറത്ത്. സിപിഎം മുന്‍ കട്ടപ്പന ഏരിയ സെക്രട്ടറിയാണ് വി ആര്‍ സജി.
താന്‍ ബാങ്കില്‍ പണം ചോദിച്ച് എത്തിയപ്പോള്‍ ബാങ്ക് ജീവനക്കാരന്‍ ബിനോയ് പിടിച്ചു തള്ളിയെന്ന് ആത്മഹത്യ ചെയ്ത സാബു ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്. താന്‍ തിരിച്ച് ആക്രമിച്ചെന്ന് പറഞ്ഞ് പ്രശ്‌നം ഉണ്ടാക്കുകയാണെന്നും ഇദ്ദേഹം പറഞ്ഞു. ഈ മാസത്തെ പണത്തില്‍ പകുതി നല്‍കിയിട്ടും ജീവനക്കാരനെ ഉപദ്രവിക്കേണ്ട കാര്യം എന്തെന്നാണ് സജി തിരിച്ച് ചോദിക്കുന്നത്. വിഷയം മാറ്റാന്‍ നോക്കേണ്ടെന്നും അടി വാങ്ങിക്കേണ്ട സമയം കഴിഞ്ഞെന്നും പറഞ്ഞ സജി, ‘പണി മനസ്സിലാക്കി തരാം’ എന്ന് സാബുവിനെ ഭീഷണിപ്പെടുത്തി. പണം തരാന്‍ ഭരണ സമിതിയും ജീവനക്കാരും ശ്രമിക്കുമ്പോള്‍ ജീവനക്കാരനെ ആക്രമിച്ചത് ശരിയായില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഇത്.

കേസില്‍ കട്ടപ്പന റൂറല്‍ ഡെവലപ്പ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഭരണ സമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും മൊഴി പോലീസ് ഉടന്‍ രേഖപ്പെടുത്തും. കേസില്‍ സാബു ബാങ്കില്‍ എത്തിയ സമയത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇത് വിശദമായി പരിശോധിക്കും. പ്രാഥമിക പരിശോധനയില്‍ സാബുവും ജീവനക്കാരും തമ്മില്‍ കയ്യേറ്റം ഉണ്ടായതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ആത്മഹത്യാക്കുറിപ്പില്‍ പേരുള്ള ബാങ്ക് സെക്രട്ടറി റെജി, ജീവനക്കാരായ ബിനോയ്, സുജമോള്‍ എന്നിവരുടെ മൊഴികളാണ് ആദ്യഘട്ടത്തില്‍ രേഖപ്പെടുത്തുക. ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. വിദേശത്തുള്ള ബന്ധുക്കള്‍ എത്തിയ ശേഷമായിരിക്കും സാബുവിന്റെ സംസ്‌കാരം. വെള്ളിയാഴ്ച രാവിലെയാണ് സാബുവിനെ കട്ടപ്പന സഹകരണ ബാങ്കിന് മുന്നില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

Leave a comment

Your email address will not be published. Required fields are marked *