അന്‍വര്‍ എംഎല്‍എ ജയിലില്‍ ; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു, അറസ്റ്റ് രാഷ്ട്രീയ പ്രേരിതം, പിന്തുണയുമായി കോണ്‍ഗ്രസ് നേതാക്കള്‍
മലപ്പുറം: നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ ഞായറാഴ്ച അറസ്റ്റിലായ എംഎല്‍എ പി വി അന്‍വറിനെ തവനൂര്‍ ജയിലിലെത്തിച്ചു. അന്‍വറിനെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. കേസില്‍ ഒന്നാം പ്രതിയാണ് പി വി അന്‍വര്‍. ജാമ്യമില്ലാ വകുപ്പുകളടക്കം ചുമത്തിയ കേസില്‍ നിലവില്‍ 11 പ്രതികളാണുള്ളത്. തവനൂര്‍ ജയിലിലേക്ക് മാറ്റുന്നതിന് മുന്നോടിയായി അന്‍വറിനെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് രണ്ടാം തവണയും വൈദ്യപരിശോധന നടത്തിയിരുന്നു.
കൃത്യനിര്‍വഹണം തടയല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ അടക്കം വകുപ്പുകളാണ് ചുമത്തിയത്. ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് നടത്തിയ മാര്‍ച്ചാണ് വനംവകുപ്പ് ഓഫീസ് ആക്രമണത്തിലേക്കെത്തിയത്. അതേസമയം ഇന്നലെ നടന്ന അറസ്റ്റ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം നടത്തിയതെന്നായിരുന്നു അന്‍വര്‍ ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ചത്. അതോടൊപ്പം എംഎല്‍എ ആയതിനാല്‍ മാത്രം നിയമത്തിന് കീഴടങ്ങുകയാണെന്നും അറസ്റ്റുമായി സഹകരിക്കുമെന്നും നിയമം അനുസരിക്കുന്നയാളുടെ ഉത്തരവാദിത്തമാണെന്നും അന്‍വര്‍ പ്രതികരിച്ചു. മോദിയേക്കാള്‍ വലിയ ഭരണകൂട ഭീകരത പിണറായി നടപ്പാക്കുകയാണെന്നും അന്‍വര്‍ ആരോപിച്ചിരുന്നു.
അതിനിടെ അന്‍വറിന് പിന്തുണയുമായി കോണ്‍ഗ്രസ് രംഗത്തെത്തി. പി.വി അന്‍വര്‍ എംഎല്‍എയുടെ അറസ്റ്റിലെ സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധി ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി വാര്‍ത്താക്കുറിപ്പിറക്കി. പൊതുമുതല്‍ നശിപ്പിച്ച കേസിന്റെ പേരില്‍ പി വി അന്‍വറെ വീട് വളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അറസ്റ്റ് ചെയ്യേണ്ട രാഷ്ട്രീയ സാഹചര്യം എന്താണെന്ന് സുധാകരന്‍ ചോദിച്ചു. അന്‍വറിനെതിരായ നടപടി തെറ്റെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.നിലമ്പൂര്‍ സിഐ സുനില്‍ പള്ളിക്കലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിവി അന്‍വറിന്റേ വീട്ടിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. വന്‍ പോലീസ് സന്നാഹവുമായിട്ടാണ് നേതൃത്വം അന്‍വറിന്റെ വീട്ടിലെത്തിയത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 



















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































