തിരുപ്പതി ദുരന്തം ; ആറ് മരണം, അസ്വസ്ഥത അനുഭവപ്പെട്ട സ്ത്രീയെ പുറത്തെത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇടിച്ച് കയറി ആളുകള്‍

തിരുപ്പതി: കഴിഞ്ഞ ദിവസം തിരുപ്പതി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ആറ് പേര്‍ മരിച്ച സംഭവത്തില്‍ വിശദീകരണവുമായി തിരുപ്പതി ദേവസ്ഥാനവും പോലീസും. ഇത്രയും വലിയ അപകടം നടന്നതെങ്ങനെ എന്ന കാര്യത്തിലാണ് ഇപ്പോള്‍ വിശദീകരണം നല്‍കിയിരിക്കുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് വൈകുണ്ഠ ഏകാദശിക്ക് വേണ്ടിയുള്ള കൗണ്ടറുകളില്‍ കൂപ്പണ്‍ വിതരണം തുടങ്ങേണ്ടിയിരുന്നത്.എന്നാല്‍ ഇന്നലെ രാവിലെ മുതലെ ആളുകള്‍ ക്യൂവിനായി എത്തിയിരുന്നു. എന്നാല്‍ പോലീസും അധികൃതരും ഇവരെയൊന്നും ക്യൂവിലേക്ക് കയറ്റിവിട്ടിരുന്നില്ല. പക്ഷേ ഇതിനിടയില്‍ ക്യൂവിന് മുന്നിലെ ആള്‍ക്കൂട്ടത്തിനിടയില്‍ നില്‍ക്കുകയായിരുന്ന ഒരു സ്ത്രീക്ക് ശ്വാസം മുട്ട് അനുഭവപ്പെടുകയും ഇവരെ പുറത്തെത്തിക്കാന്‍ പോലീസ് ശ്രമിക്കുകയും ഈ സമയത്ത് ആളുകള്‍ ഇടിച്ച് കയറുകയുമായിരുന്നു. ഇതാണ് അപകടത്തിലേക്ക് നയിച്ചത്.
Also Read ; ഹണി റോസിന്റെ പരാതി സിനിമാ പ്രചാരണം ലക്ഷ്യമിട്ടല്ല; ബോചെക്കെതിരെ തെളിവുകള്‍ നിരവധി ലഭിച്ചുവെന്ന് പോലീസ്
ഇത്രയും വലിയ ജനക്കൂട്ടം നിയന്ത്രിക്കാന്‍ മാത്രമുള്ള പോലീസോ മറ്റ് സംവിധാനങ്ങളോ അവിടെ ഉണ്ടായിരുന്നില്ല. ആളുകള്‍ ഇടിച്ചുകയറിയതോടെ തിക്കും തിരക്കുമുണ്ടായി. ഇതോടെ പോലീസ് ഒരുക്കിയ സകലനിയന്ത്രണങ്ങളും പാളി. തുടര്‍ന്നാണ് വലിയ ദുരന്തം ഉണ്ടായത്. താഴെ വീണ ആളുകള്‍ക്ക് മുകളിലുടെ മറ്റു ആളുകള്‍ പരിഭ്രാന്തരായി ഓടിയതോടെ അപകടത്തിന്റെ വ്യാപ്തി കൂടി.
മരിച്ച ആറ് പേരില്‍ അഞ്ച് പേര്‍ സ്ത്രീകളാണ്. തമിഴ്‌നാട് സേലം സ്വദേശിനി മല്ലിക (49), കര്‍ണാടക ബെല്ലാരി സ്വദേശിനി നിര്‍മല (50), ആന്ധ്രപ്രദേശിലെ വിശാഖപട്ടണം സ്വദേശികളായ ലാവണ്യ (40), രജനി (47), ശാന്തി (34), ആന്ധ്രാപ്രദേശിലെ നരസിപ്പട്ടണം സ്വദേശി നായിഡു ബാബു (51) എന്നിവരാണ് മരിച്ചത്. 20 പേര്‍ക്ക് ഗുരുതര പരിക്കേറ്റു. പരിക്കേറ്റവരില്‍ നാല് പേരുടെ നില അതീവ ഗുരുതരമാണ്. ഇവരെ റൂയ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ജനുവരി പത്തിന് നടക്കുന്ന വൈകുണ്ഠ ഏകാദശി ദര്‍ശനത്തിനായി 1,20,000 കൂപ്പണുകള്‍ വിതരണം ചെയ്യാന്‍ 94 കൗണ്ടറുകള്‍ തയ്യാറാക്കിയിരുന്നു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..