കലൂര്‍ സ്റ്റേഡിയം അപകടം ; ഓസ്കാര്‍ ഇവന്റ്സ് ഉടമ പി എസ് ജനീഷിന് ജാമ്യം
കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ എംഎല്‍എ ഉമ തോമസിന് പരിക്കേറ്റ സംഭവത്തില്‍ ഓസ്കാര്‍ ഇവന്റ്സ് ഉടമ പി എസ് ജനീഷിന് ജാമ്യം അനുവദിച്ച് എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി. കേസില്‍ പോലീസ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷ കോടതി തള്ളി. അതേസമയം കേസില്‍ മൃദംഗ വിഷന്‍ എംഡി നിഗോഷ് കുമാര്‍ അടക്കമുള്ളവര്‍ക്ക് നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു.
Also Read ; റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ അകപ്പെട്ട തൃശൂര്‍ സ്വദേശി ബിനില്‍ മരിച്ചു
കേസില്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടും ജനീഷ് പോലീസിന് മുന്‍പാകെ കീഴടങ്ങിയിരുന്നില്ല. തുടര്‍ന്ന് കഴിഞ്ഞ ചൊവ്വാഴ്ച ഇയാളെ തൃശൂരില്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മൃദംഗ വിഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ഗിന്നസ് റെക്കോഡ് പരിപാടിക്കായി കലൂര്‍ സ്റ്റേഡിയത്തിലെ കാര്യങ്ങള്‍ ഒരുക്കിയത് ഓസ്കാര്‍ ഇവന്റ്സ് ആണെന്നാണ് സംഘാടകര്‍ വിശദീകരിച്ചിരുന്നത്. സുരക്ഷാ വീഴ്ചയില്‍ ഓസ്കാര്‍ ഇവന്റ്സിനും മൃദംഗ വിഷനുമെതിരെ പോലീസ് കേസെടുക്കുകയായിരുന്നു.
നൃത്തപരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ വിഐപി ഗ്യാലറിയില്‍ നിന്ന് വീണ് പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ള ഉമ തോമസ് എംഎല്‍എയെ കഴിഞ്ഞ ദിവസമാണ് ഐസിയുവില്‍ നിന്നും മുറിയിലേക്ക് മാറ്റിയത്. അപകടം സംഭവിച്ച് പതിനൊന്നാം ദിവസമാണ് എംഎല്‍എയെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്നും മാറ്റിയത്.തലച്ചോറിന്റെയും ശ്വാസകോശത്തിന്റെയും ആരോഗ്യനിലയില്‍ ഉണ്ടായ മികച്ച പുരോഗതിയാണ് റൂമിലേക്ക് മാറ്റാനുണ്ടായ സാഹചര്യം. ഐസിയു മുറിയില്‍ നിന്നും പുറത്തേക്ക് ഇറങ്ങിയ സന്തോഷം പങ്കുവയ്ക്കുകയാണെന്നും ഏവരുടെയും പ്രാര്‍ത്ഥനകള്‍ക്ക് ഒരായിരം നന്ദി രേഖപ്പെടുത്തുന്നതായും ഉമ തോമസിന്റെ ഫേസ്ബുക്ക് അഡ്മിന് കുറിപ്പിലൂടെ വ്യക്തമാക്കി.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..