ആറ്റിങ്ങല്‍ ഇരട്ടക്കൊല ; രണ്ടാം പ്രതി അനുശാന്തിക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി
ഡല്‍ഹി : ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസിലെ രണ്ടാം പ്രതി അനുശാന്തിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട സാഹചര്യത്തില്‍ ശിക്ഷ റദ്ദാക്കി ജാമ്യം അനുവദിക്കണമെന്ന അനുശാന്തിയുടെ ഹര്‍ജിയിലാണ് കോടതിയുടെ തീരുമാനം. അതേസമയം ശിക്ഷ റദ്ദാക്കണമെന്ന ഹര്‍ജി ഇതുവരെ തീര്‍പ്പാക്കിയിട്ടില്ല. ഈ ഹര്‍ജി തീര്‍പ്പാകുന്നത് വരെയാണ് അനുശാന്തിക്ക് ജാമ്യം അനുവദിച്ചതെന്നും കോടതി വ്യക്തമാക്കി.ജാമ്യ ഉപാധികള്‍ വിചാരണ കോടതിക്ക് തീരുമാനിക്കാമെന്നും സുപ്രീംകോടതി അറിയിച്ചു.
Also Read ; ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവുമായി വീഡിയോകോളിലൂടെ സംസാരിച്ച് ഉമാ തോമസ് എംഎല്‍എ
2014 ഏപ്രില്‍ 16-ന് ഉച്ചയ്ക്കാണ് സംസ്ഥാനത്തെ ഞെട്ടിച്ച ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകം നടന്നത്. ടെക്നോപാര്‍ക്ക് ഉദ്യോഗസ്ഥരും കമിതാക്കളുമായ നിനോ മാത്യുവും അനുശാന്തിയും ചേര്‍ന്ന് അനുശാന്തിയുടെ നാലുവയസ്സുള്ള മകള്‍ സ്വാസ്തിക, ഭര്‍ത്താവിന്റെ അമ്മ ഓമന (58) എന്നിവരെ കൊലപ്പെടുത്തിയെന്നാണ് കേസ്. കൂടാതെ അനുശാന്തിയുടെ ഭര്‍ത്താവിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ വിചാരണക്കോടതി നിനോ മാത്യുവിന് വിധിച്ച വധശിക്ഷ, 25 വര്‍ഷം തടവായി കുറച്ച ഹൈക്കോടതി പക്ഷേ അനുശാന്തിയുടെ ഇരട്ട ജീവപര്യന്തം ശരിവയ്ക്കുകയായിരുന്നു.
കഴിഞ്ഞ തവണ അനുശാന്തിയുടെ ജാമ്യാപേക്ഷ പരിഗണിക്കവേ കൊലപാതകവുമായി നേരിട്ട് ബന്ധിപ്പിക്കുന്ന എന്ത് തെളിവാണ് അനുശാന്തിക്കെതിരെയുളളതെന്ന് സുപ്രീംകോടതി ചോദിച്ചിരുന്നു. എന്നാല്‍ കുറ്റകൃതൃവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ അനുശാന്തിക്ക് കൃത്യമായ പങ്കുണ്ടെന്നും കണ്ണിന് കാഴ്ച്ച നഷ്ടമായത് പോലീസ് അതിക്രമത്തിലെന്ന ആരോപണം വ്യാജമാണെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. കേസില്‍ അനുശാന്തിക്കായി അഭിഭാഷകന്‍ വി.കെ ബിജു, സംസ്ഥാനത്തിനായി മുതിര്‍ന്ന അഭിഭാഷകന്‍ പി വി ദിനേശ്, സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ എന്നിവര്‍ ഹാജരായി.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..