#Others

പി വി അന്‍വറിനെതിരായ വിജിലന്‍സ് അന്വേഷണം ; പ്രാഥമിക റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കുള്ളിൽ

കൊച്ചി: പി വി അന്‍വറിനെതിരായ നടപടികള്‍ വേഗത്തിലാക്കി വിജിലന്‍സ്. ആലുവയില്‍ ഭൂമി അനധികൃതമായാണ് അന്‍വര്‍ സ്വന്തമാക്കിയതെന്ന പരാതിയിലാണ് വിജിലന്‍സ് അന്വേഷണം നടക്കുന്നത്. ആലുവ എടത്തലയില്‍ പാട്ടഭൂമി അനധികൃതമായി പോക്കുവരവ് ചെയ്‌തെന്ന പരാതി അന്വേഷിക്കുന്ന വിജിലന്‍സ് സംഘം വിവാദ ഭൂമിയിലെത്തി വിശദമായ പരിശോധന നടത്തി. വിഷയത്തില്‍ ഒരാഴ്ചയ്ക്കകം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് തുടര്‍ നടപടികളിലേക്ക് കടക്കാനാണ് വിജിലന്‍സ് നീക്കം.

Also Read ; പത്തനംതിട്ടയില്‍ വീണ്ടും പോക്‌സോ കേസ് ; 17 കാരി പീഡനത്തിരയായി, 4 പേര്‍ അറസ്റ്റില്‍, ആകെ 9 പ്രതികള്‍

വിശദ വിവരങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരത്ത് നിന്നെത്തിയ വിജിലന്‍സ് സംഘം ആദ്യം എടത്തല പഞ്ചായത്ത് ഓഫിസിലെത്തിയാണ് രേഖകള്‍ പരിശോധിച്ചത്. പിന്നീട് വില്ലേജ് ഓഫിസര്‍ ഉള്‍പ്പെടെയുളള റവന്യു ഉദ്യോഗസ്ഥരെ ഒപ്പം കൂട്ടി വിവാദ സ്ഥലത്തെ നിര്‍മാണങ്ങളും വിലയിരുത്തി. ഈ ഭൂമിയിലെ പ്രധാന കെട്ടിടത്തിന്റെ നിര്‍മാണം അനുമതിയില്ലാതെയാണെന്ന് കാട്ടി പഞ്ചായത്ത് കഴിഞ്ഞ ദിവസം വിജിലന്‍സിന് കത്ത് നല്‍കിയിരുന്നു. നാവികസേനയുടെ ആയുധ സംഭരണശാലയ്ക്ക് സമീപമുളള നിര്‍മാണത്തിന് പ്രതിരോധ വകുപ്പിന്റെ എന്‍ ഒ സിയില്ലെന്ന കാര്യവും പഞ്ചായത്ത് വിജിലന്‍സിനെ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകളെല്ലാം വിജിലന്‍സ് സംഘം വിശദ പരിശോധനയ്ക്ക് വിധേയമാക്കി. പാട്ടാവകാശം മാത്രമുളള പന്ത്രണ്ട് ഏക്കറോളം ഭൂമി അന്‍വറിന്റെ ഉടമസ്ഥതയിലുളള പി വി റിയല്‍ട്ടേഴ്‌സ് നിയമവിരുദ്ധമായി പോക്കുവരവ് നടത്തിയെന്ന പരാതിയിലാണ് വിജിലന്‍സിനോട് സര്‍ക്കാര്‍ പ്രാഥമിക അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. ഈയാഴ്ച തന്നെ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി തുടര്‍ അന്വേഷണത്തിലേക്ക് കടക്കാനാണ് വിജിലന്‍സ് നീക്കം.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *