മിഹിറിന്റെ മരണം; മൊഴിയെടുപ്പ് ആരംഭിച്ചു
കൊച്ചി: സ്വന്തം താമസസ്ഥലത്തെ ഫ്ലാറ്റ് സമുച്ചയത്തിന്റെ 26-ാം നിലയില്‍ നിന്ന് താഴേക്ക് ചാടി ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി മിഹിര്‍ ജീവനൊടുക്കിയ സംഭവത്തില്‍ മൊഴിയെടുപ്പ് ആരംഭിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എസ് ഷാനവാസ് കാക്കനാട് കളക്ടറേറ്റില്‍ വച്ചാണ് മിഹിറിന്റെ മാതാപിതാക്കളുടെയും ഗ്ലോബല്‍ സ്കൂള്‍ അധികൃതരുടെയും മൊഴിയെടുക്കുന്നത്. മിഹിര്‍ മുന്‍പ് പഠിച്ചിരുന്ന ജെംസ് സ്കൂള്‍ അധികൃതരില്‍ നിന്നും മൊഴി രേഖപ്പെടുത്തും.
Also Read; വഖഫ് ബില്ലില്‍ ചര്‍ച്ച ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി മുസ്ലിം ലീഗ് എംപിമാര്‍
കേസ് അന്വേഷിക്കുന്ന ഹില്‍ പാലസ് പോലീസ് സ്റ്റേഷനിലെ അന്വേഷണ സംഘം കഴിഞ്ഞ ദിവസം മിഹിറിന്റെ മാതാപിതാക്കളില്‍ നിന്ന് വിശദവിവരങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു. ഹില്‍ പാലസ് പോലീസ് ഇന്‍സ്പെക്ടര്‍ എ.എല്‍. യേശുദാസിന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘം ജെംസ് സ്കൂള്‍ വൈസ് പ്രിന്‍സിപ്പലിനെ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യംചെയ്യുകയും ചെയ്തിരുന്നു. മിഹിര്‍ മുന്‍പ് പഠിച്ചിരുന്ന സ്കൂളിലെ വൈസ് പ്രിന്‍സിപ്പലില്‍ നിന്നു മിഹിറിന് മാനസിക പീഡനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് മാതാവ് പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. പിന്നാലെ ജെംസ് സ്കൂള്‍ വൈസ് പ്രിന്‍സിപ്പളിനെ കഴിഞ്ഞ ദിവസം അന്വേഷണ വിധേയമായി സസ്പെന്‍ഡും ചെയ്തിരുന്നു.
സ്കൂള്‍ അധികൃതരുടേയും സഹപാഠികളുടേയും മൊഴി രേഖപ്പെടുത്തിയ പോലീസ് മിഹിറിന്റെ മരണത്തിന് പിന്നാലെ പ്രത്യക്ഷപ്പെട്ട ‘ജസ്റ്റിസ് ഫോര്‍ മിഹിര്‍’ എന്ന പേരില്‍ ഇന്‍സ്റ്റഗ്രാം ഗ്രൂപ്പിലെ ചാറ്റുകളും പരിശോധിക്കും. മിഹിറിന്റെ ചില സുഹൃത്തുക്കള്‍ തുടങ്ങിയതാണ് ഈ പേജെന്നാണ് മാതാവിന്റെ പരാതിയിലുള്ളത്. ഇതിലെ ചാറ്റുകളില്‍ നിന്നാണ് മിഹിറിന്റെ മരണത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് സൂചന ലഭിച്ചത്. ഇതിലെ ചില സംഭാഷണങ്ങളുടെ സ്ക്രീന്‍ഷോട്ടുകളും കുടുംബം പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇന്‍സ്റ്റഗ്രാം പേജ് പിന്നീട് അപ്രത്യക്ഷമായി. ഈ പേജില്‍ നിന്ന് ചാറ്റുകള്‍ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് നിലവില്‍ പോലീസുള്ളത്. ഇതിനായി ഇന്സ്റ്റഗ്രാമിന് പോലീസ് കത്തയച്ചിട്ടുണ്ട്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ഇക്കഴിഞ്ഞ ജനുവരി പതിനഞ്ചിനാണ് താമസിക്കുന്ന ഫ്ലാറ്റിന്റെ ഇരുപത്തിയാറാം നിലയില്‍ നിന്നും ചാടി മിഹിര്‍ ആത്മഹത്യ ചെയ്യുന്നത്. മകന് സ്കൂളില്‍ നിന്നും സഹപാഠികളില്‍ നിന്നും നേരിട്ട ക്രൂര പീഡനങ്ങള്‍ വ്യക്തമാക്കി മിഹിറിന്റെ അമ്മ മുഖ്യമന്ത്രിക്കും ഡിജിപിക്കും വിശദമായ പരാതി സമര്‍പ്പിച്ചിരുന്നു.