February 21, 2025
#Others

പ്രയാഗ് രാജിലേക്കുള്ള ടിക്കറ്റ് വിറ്റത് കണക്കില്ലാതെ, യാത്രക്കാര്‍ നിറഞ്ഞതോടെ പ്രത്യേക ട്രെയിന്‍ അനൗണ്‍സ് ചെയ്തു; അപകടം നടന്നത് ഇങ്ങനെ…

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ തിരക്കില്‍പ്പെട്ട് യാത്രക്കാര്‍ മരിച്ചതില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. പ്രയാഗ് രാജിലെ മഹാകുംഭമേളയിലേക്കുള്ള പ്രത്യേക ട്രെയിന്‍ അനൗണ്‍സ് ചെയ്തതോടെയുണ്ടായ തിരക്കില്‍പ്പെട്ടാണ് 18 പേര്‍ മരിക്കുകയും നിരവധി യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ദുരന്തം ഉണ്ടായതെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. പ്രയാഗ് രാജിലേക്കുള്ള ട്രെയിനിനായി അനിയന്ത്രിതമായി ജനറല്‍ ടിക്കറ്റ് വിതരണം ചെയ്തെന്നും ഇതാണ് അപകടത്തിന് കാരണമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഓരോ മണിക്കൂറിലും 1,500 നടുത്ത് ജനറല്‍ ടിക്കറ്റുകള്‍ വിറ്റുപോയിരുന്നുവെന്നാണ് വിവരം.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

പ്രായാഗ് രാജിലേക്ക് പോകുന്നതിനായി ശനിയാഴ്ച രാത്രി നൂറുകണക്കിന് യാത്രക്കാര്‍ പ്ലാറ്റ് ഫോംനമ്പര്‍ 14 ല്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. ന്യൂഡല്‍ഹിയില്‍ നിന്നും ദര്‍ഭംഗയിലേക്ക് പോകുന്ന സ്വതന്ത്രസേനാനി എക്സ്പ്രസില്‍ യാത്രചെയ്യുന്നതിനായി നിരവധി പേര്‍ പ്ലാറ്റ് ഫോം നമ്പര്‍ 13 ലും ഉണ്ടായിരുന്നു. എന്നാല്‍ ഈ ട്രെയിന്‍ വൈകുകയും അര്‍ധ രാത്രിയിലേക്ക് ഷെഡ്യൂള്‍ ചെയ്യുകയുമായിരുന്നു. ഇതിന് പുറമെ കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റതോടെ പ്ലാറ്റ് ഫോം നമ്പര്‍ 14 ല്‍ യാത്രക്കാരുടെ എണ്ണം അനിയന്ത്രിതമായി ഉയരുകയും വലിയ ആള്‍ക്കൂട്ടം രൂപപ്പെടുകയുമായിരുന്നു. ആളുകള്‍ക്ക് നില്‍ക്കാന്‍ പോലും കഴിയാത്ത സാഹചര്യം അവിടെയുണ്ടായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

‘യാത്രക്കാരുടെ എണ്ണം ഉയര്‍ന്നതും തുടര്‍ച്ചയായ ടിക്കറ്റ് വില്‍പ്പനയും പരിഗണിച്ച് റെയില്‍വേ പ്രയാഗ് രാജിലേക്ക് പ്രത്യേക തീവണ്ടി അനൗണ്‍സ് ചെയ്തു. പ്ലാറ്റ്ഫോം 16 ല്‍ നിന്നും യാത്ര ആരംഭിക്കുന്ന രീതിയിലായിരുന്നു പുതിയ തീവണ്ടിയുടെ ക്രമീകരണം. ട്രെയിന്‍ അനൗണ്‍സ്മെന്റ് കേട്ടതും പ്ലാറ്റ്ഫോം നമ്പര്‍ 14 ലെ യാത്രക്കാര്‍ ഒന്നടങ്കം തിരക്കിട്ട് മേല്‍പ്പാലത്തിലൂടെ 16 ലേക്ക് ഓടി. ഇതിനിടെ ഓവര്‍ബ്രിഡ്ജില്‍ ഇരിക്കുന്ന യാത്രക്കാരുടെ മുകളിലേക്ക് യാത്രക്കാര്‍ വീഴുകയും അപകടം ഉണ്ടാവുകയുമായിരുന്നു’, എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Also Read; പോസ്‌റ്റോ കമന്റോ ഇഷ്ടമായില്ലെങ്കില്‍ ഇനി ഡിസ് ലൈക്ക് ചെയ്യാം; ഇന്‍സ്റ്റഗ്രാമില്‍ പുതിയ അപ്‌ഡേറ്റ് വരുന്നു…

Leave a comment

Your email address will not be published. Required fields are marked *