ചാലക്കുടിയിലെ ബാങ്ക് കവര്‍ച്ച; മോഷണം കടം വീട്ടാന്‍, റിജോയെ പിടികൂടിയത് ഇങ്ങനെ…

തൃശ്ശൂര്‍: ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്ക് കവര്‍ച്ചാ കേസ് പ്രതി റിജോ ആന്റണിയെ വിശദമായി ചോദ്യം ചെയ്യാന്‍ പോലീസ്. ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായ മറുപടി നല്‍കാതെ പല മറുപടിയാണ് റിജോ നല്‍കുന്നത്. ഇത് പോലീസിനെ കുഴപ്പിക്കുകയാണ്. 49 ലക്ഷം രൂപ കടമുണ്ടെന്നും ഇത് വീട്ടാന്‍ വേണ്ടിയാണ് കവര്‍ച്ച നടത്തിയതെന്നുമാണ് പ്രതി പോലീസിന് നല്കിയ മൊഴിയില്‍ പറഞ്ഞത്. മോഷ്ടിച്ച പണത്തില്‍ നിന്നും 2.90 ലക്ഷം രൂപയെടുത്ത് ഒരാളുടെ കടം വീട്ടിയെന്നും റിജോ മൊഴി നല്‍കിയിരുന്നു. ടിവിയില്‍ വാര്‍ത്ത കണ്ട് മോഷ്ടാവ് റിജോ ആണെന്ന് തിരിച്ചറിഞ്ഞ അന്നനാട് സ്വദേശി, റിജോ കടം വീട്ടിയ 2,94,000 രൂപ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു.
ആഴ്ചകള്‍ നീണ്ട ആസൂത്രണത്തിന് ശേഷമാണ് റിജോ ബാങ്ക് കൊള്ളയടിച്ചത്. രണ്ടാം ശ്രമത്തിലാണ് കവര്‍ച്ച വിജയകരമായി നടത്തിയത്. നാല് ദിവസം മുന്‍പ് പ്രതി മോഷണത്തിന് ശ്രമിച്ചുരുന്നു. എന്നാല്‍ അന്ന് പോലീസ് ജീപ്പ് കണ്ടതോടെയാണ് ശ്രമം ഉപേക്ഷിച്ചത്. കൊള്ള നടത്തുന്ന സമയത്ത് ഉപയോഗിച്ച ജാക്കറ്റ് പ്രതി വീട്ടിലെത്തി കത്തിച്ചുകളഞ്ഞുവെന്നാണ് വിവരം. ഫോണും ഉപയോഗിച്ചിരുന്നില്ല.
ഇന്നലെ രാത്രി വീട്ടില്‍ നടന്ന കുടുംബ സംഗമത്തിനിടെയാണ് വീട് വളഞ്ഞ് പ്രതിയെ പോലീസ് പിടികൂടിയത്. പള്ളിയില്‍ നിന്നും അച്ചന് വന്ന് മോഷ്ടാവ് ഈ ഭാഗത്തേക്കാണ് വന്നതെന്ന് പറഞ്ഞപ്പോള്‍ റിജോ ‘എയ് ഇവിടെ ആരും അല്ല, അതിവിടെയുള്ള കള്ളന്മാരായിരിക്കില്ലെന്നും’ മറുപടി പറഞ്ഞുവെന്ന് ചാലക്കുടി നഗരസഭ ഒന്നാം വാര്‍ഡ് കൗണ്‍സിലര്‍ ജിജി ജോണ്സന് പ്രതികരിച്ചു. വലിയ മുന്നൊരുക്കങ്ങള്‍ നടത്തിയതിനാല്‍ പിടിക്കപ്പെടില്ലെന്ന ധാരണയായിരുന്നു റിജോക്കുണ്ടായിരുന്നത്. പോലീസ് വന്നപ്പോള്‍ അമ്പരന്നുവെന്നും ദൃക്സാക്ഷികള്‍ പറയുന്നു.
വിദേശത്ത് നഴ്സായ ഭാര്യ നല്കിയ പണം റിജോ ധൂര്‍ത്തടിച്ചിരുന്നു. ഏപ്രില്‍ ഭാര്യ വരാനിരിക്കെ പണം സംഘടിപ്പിക്കാന്‍ വേണ്ടിയാണ് കവര്‍ച്ച നടത്തിയതെന്നാണ് വിവരം.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..