മരുന്ന് മാറിനല്‍കി എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയില്‍; ചോദിച്ചപ്പോള്‍ ഫാര്‍മസിക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് കുട്ടിയുടെ പിതൃസഹോദരന്‍

പഴയങ്ങാടി: മരുന്ന് മാറി നല്‍കി എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന സംഭവത്തില്‍ ഫാര്‍മസി ജീവനക്കാര്‍ക്കെതിരെ കുട്ടിയുടെ പിതൃസഹോദരന്‍ ഇ.പി.അഷ്‌റഫ്. കുഞ്ഞിനെ ഗുരുതരാവസ്ഥയിലാക്കിയത് ഫാര്‍മസി ജീവനക്കാരാണ്. പനി ബാധിച്ചു ചികിത്സയ്ക്ക് എത്തിയ കുട്ടിക്ക് ഡോക്ടര്‍ നിര്‍ദേശിച്ച മരുന്നല്ല നല്‍കിയത്. ചോദിച്ചപ്പോള്‍ ‘എന്നാ പോയി കേസ് കൊടുക്ക്’ എന്ന് ഭീഷണിപ്പെടുത്തിയതായും അഷ്‌റഫ് പറഞ്ഞു. മരുന്നു മാറി നല്‍കിയ പഴയങ്ങാടി ടൗണിലെ ഖദീജ മെഡിക്കല്‍സിനെതിരെ പോലിസീല്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അഷ്‌റഫ് പറഞ്ഞു.
കുട്ടിയുടെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്നും ഇന്ന് വൈകിട്ട് ലഭിക്കുന്ന പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ ചികിത്സയെന്നും അഷ്‌റഫ് പറഞ്ഞു. ഡോക്ടര്‍ കുറിച്ച പനിക്കുള്ള സിറപ്പിനു പകരം പനിക്കുള്ള തുള്ളിമരുന്ന് മാറി നല്‍കുകയായിരുന്നു. മരുന്നു ഓവര്‍ ഡോസായി കുഞ്ഞിന്റെ കരളിനെ ബാധിച്ചു. ഗുരുതരാവസ്ഥയില്‍ തുടര്‍ന്നാല്‍ കരള്‍ മാറ്റിവയ്‌ക്കേണ്ടിവരുമെന്നാണ് ഡോക്ടര്‍ നിര്‍ദേശിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു. ഇക്കഴിഞ്ഞ എട്ടിനാണ് ഖദീജ ഫാര്‍മസിയില്‍നിന്ന് കുട്ടിക്ക് മരുന്നുവാങ്ങിയത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..