#news #Top Four

ആശാവര്‍ക്കര്‍മാരുടെ കൂട്ട ഉപവാസം ഇന്ന് മുതല്‍

തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നിലെ സമര കേന്ദ്രത്തില്‍ ഇന്ന് മുതല്‍ സമരം ശക്തമാക്കാനൊരുങ്ങി ആശാവര്‍ക്കര്‍മാര്‍. കൂട്ട ഉപവാസം ഇന്ന് മുതലെന്ന് ആശാവര്‍ക്കര്‍മാരുടെ നേരത്തെ അറിയിച്ചിരുന്നു. സമരപ്പന്തലിലെ ആശമാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് വീടുകളിലും ഉപവാസമിരിക്കുമെന്ന് മറ്റ് ആശമാര്‍ അറിയിച്ചിട്ടുണ്ട്. നിലവില്‍ മൂന്ന് പേര്‍ വീതമാണ് ഉപവാസമിരിക്കുന്നത്. നിരാഹാരമിരിക്കുന്നവര്‍ക്ക് പിന്തുണയുമായിട്ടാണ് മറ്റുള്ളവരും ഉപവാസം ഇരിക്കുക.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

ഓണറേറിയം വര്‍ധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി ആശാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന രാപ്പകല്‍ സമരം നാല്‍പ്പത്തിമൂന്നാം ദിവസവും തുടരുകയാണ്. മൂന്നാം ഘട്ടമായി ആശമാര്‍ തുടങ്ങിയ അനിശ്ചിതകാല നിരാഹാര സമരം ഇന്ന് അഞ്ചാം ദിവസമാണ്. നേരത്തെ നിരാഹാരമിരുന്ന ആര്‍ ഷീജയുടെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

അതേസമയം, വിഷയത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാന്‍ അനുമതി തേടിയിരുന്നുവെന്നും ഇനി മറുപടിയാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. അനുമതി കിട്ടിയാല്‍ കേന്ദ്ര ആരോഗ്യമന്ത്രിയെ കാണും. ആവശ്യങ്ങള്‍ ഉന്നയിക്കും. കാണുമെന്ന് ഉറപ്പിച്ച് തന്നെയാണ് അനുമതി തേടിയതെന്നും വീണ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആശ വര്‍ക്കര്‍മാരുടെ പ്രശ്‌നത്തില്‍ കേരളത്തിന് ഒന്നും ചെയ്യാനില്ലെന്ന് എ കെ ബാലന്‍ പ്രതികരിച്ചു. സംസ്ഥാനം സമരത്തിനും സമരം നടത്തുന്നവര്‍ക്കും എതിരല്ല. ആശാവര്‍ക്കര്‍മാരുടെ പ്രശ്‌നം പരിഹരിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. കേന്ദ്രം നിശ്ചയിച്ചതിനേക്കാള്‍ കൂടുതല്‍ കേരളം നല്‍കുന്നുണ്ടെന്നും എ കെ ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *