മാസപ്പടി കേസ്: എസ്എഫ്‌ഐഒ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ തുടര്‍നടപടിയുമായി വിചാരണ കോടതി
കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി ഇടപാടില്‍ എസ്എഫ്‌ഐഒ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ തുടര്‍നടപടി തുടങ്ങാന്‍ കൊച്ചിയിലെ വിചാരണ കോടതി. കുറ്റപത്രം സ്വീകരിച്ച് കേസെടുത്തതിനെ തുടര്‍ന്ന് എതിര്‍കക്ഷികള്‍ക്ക് സമന്‍സ് അയക്കുന്ന നടപടികള്‍ വരുന്ന ആഴ്ചയോടെ വിചാരണ കോടതി പൂര്‍ത്തിയാക്കും.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
ജില്ലാ കോടതിയില്‍ നിന്ന് ഈ കുറ്റപത്രത്തിന് നമ്പര്‍ ലഭിക്കുന്നതോടെ വിചാരണയ്ക്ക് മുന്‍പായുള്ള പ്രാരംഭ നടപടികള്‍ കോടതി തുടങ്ങും. അടുത്തയാഴ്ചയോടെ വീണ ടി, ശശിധരന്‍ കര്‍ത്താ തുടങ്ങി 13 പേര്‍ക്കെതിരെ കോടതി സമന്‍സ് അയക്കും. 114 രേഖകള്‍ അടക്കം വിശദമായി പരിശോധിച്ചാണ് കമ്പനി കാര്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതി ജഡ്ജി വിപിഎം സുരേഷ് ബാബു കുറ്റപത്രത്തില്‍ കേസെടുത്തത്. എല്ലാ പ്രതികള്‍ക്കുമെതിരെ വിചാരണ നടത്താനുള്ള വിവരങ്ങള്‍ എസ്എഫ്‌ഐഒ കുറ്റപത്രത്തിലുണ്ടെന്നും എസ്എഫ്‌ഐഒ കുറ്റപത്രം പോലീസ് കുറ്റപത്രത്തിനു സമാനമായി കണക്കാക്കുന്നുവെന്നും വിചാരണ കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
കമ്പനി ചട്ടങ്ങളുടെ പരിധിയില്‍ വരുന്നതിനാല്‍ ബിഎന്‍എസ് പ്രകാരം നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതില്ലെന്ന് അറിയിച്ച കോടതി നേരിട്ട് സമന്‍സ് അയക്കാനുള്ള വിവരങ്ങള്‍ കുറ്റപത്രത്തിലുണ്ടെന്നും വ്യക്തമാക്കി. നടപടി ക്രമങ്ങള്‍ പരിശോധിച്ച് തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് വിചാരണ കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.





Malayalam 




























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































