കേസെടുത്താലും കുഴപ്പമില്ല, പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കൃത്രിമത്വം കാട്ടിയെന്ന വെളിപ്പെടുത്തലുമായി ജി സുധാകരന്

ആലപ്പുഴ: പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കൃത്രിമത്വം കാട്ടിയെന്ന വെളിപ്പെടുത്തലുമായി മുന്‍മന്ത്രിയും സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവുമായ ജി സുധാകരന്. സിപിഎം സ്ഥാനാര്‍ത്ഥിക്കുവേണ്ടി തിരഞ്ഞെടുപ്പിലെ തപാല്‍ വോട്ടുകള്‍ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്നാണ് സുധാകരന് പറഞ്ഞത്. എന്‍ജിഒ യൂണിയന് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
36 വര്‍ഷം മുന്‍പ് 1989ല്‍ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെക്കുറിച്ചായിരുന്നു ജി സുധാകരന് സംസാരിച്ചത്. ‘സിപിഎമ്മിന്റെ സര്‍വീസ് സംഘടനയായ കെ എസ് ടി എയുടെ നേതാവായിരുന്ന കെ വി ദേവദാസ് ആലപ്പുഴയില്‍ മത്സരിച്ചപ്പോള്‍ ഇലക്ഷന് കമ്മിറ്റി സെക്രട്ടറിയായിരുന്നു ഞാന്‍. ജില്ലാ കമ്മിറ്റി ഓഫീസില്‍ വച്ച് ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് പോസ്റ്റല്‍ വോട്ടുകള്‍ പൊട്ടിച്ച് തിരുത്തിയിട്ടുണ്ട്. അന്ന് സിപിഎം സര്‍വീസ് സംഘടനകളിലെ അംഗങ്ങളുടെ വോട്ടില്‍ 15 ശതമാനം ദേവദാസിന് എതിരായിരുന്നു.
ഞങ്ങളുടെ പക്കല്‍ തന്ന പോസ്റ്റല്‍ ബാലറ്റുകള്‍ വെരിഫൈ ചെയ്ത് തിരുത്തി. സര്‍വീസ് സംഘടനകളുടെ വോട്ട് പലപ്പോഴും പൂര്‍ണമായി പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് ലഭിക്കാറില്ല. ഒട്ടിച്ച് തന്നാല്‍ അറിയില്ലെന്ന് കരുതേണ്ട, ഞങ്ങള്‍ അത് പൊട്ടിക്കും. ഇലക്ഷന് പോസ്റ്റല്‍ ബാലറ്റ് കിട്ടുമ്പോള്‍ മറ്റാര്‍ക്കും ചെയ്യരുത്. ഈ സംഭവത്തില്‍ ഇനി തിരഞ്ഞെടുപ്പ് കമ്മിഷന് എനിക്കെതിരെ കേസെടുത്താലും കുഴപ്പമില്ല’- എന്നായിരുന്നു ജി സുധാകരന്റെ വെളിപ്പെടുത്തല്‍. 1989ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വക്കം പുരുഷോത്തമന് എതിരെയായിരുന്നു ദേവദാസ് മത്സരിച്ചത്. കാല് ലക്ഷത്തില്‍പ്പരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വക്കം പുരുഷോത്തമനായിരുന്നു അന്ന് വിജയി.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…