പത്തനംതിട്ട പാറമട അപകടം: രക്ഷാപ്രവര്‍ത്തനം തുടരുന്നു

പത്തനംതിട്ട: കോന്നി പയ്യനാമണ്ണില്‍ പാറമടയില്‍ ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറയിടിഞ്ഞു വീണുണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ദൗത്യസംഘം സ്ഥലത്തെത്തി. രണ്ട് തൊഴിലാളികളാണ് ഹിറ്റാച്ചിക്കുള്ളില്‍ കുടുങ്ങിയത്. അതിലൊരാളുടെ മൃതദേഹം ഇന്നലെ പുറത്തെടുത്തിരുന്നു. രണ്ട് പേര്‍ വടംകെട്ടിയിറങ്ങി സ്ഥലത്തെ പാറക്കഷ്ണങ്ങള്‍ നീക്കുന്ന നടപടിയാണ് പുരോഗമിക്കുന്നത്. പാറയിടിയുന്നതിനാല്‍ ദൗത്യം സങ്കീര്‍ണ്ണമാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. വലിയ ക്രെയിനും മറ്റൊരു ഹിറ്റാച്ചിയും എത്തിക്കുമെന്നും നിലവിലെ സംവിധാനം കൊണ്ട് രക്ഷാപ്രവര്‍ത്തനം കഴിയില്ലെന്നും രക്ഷാപ്രവര്‍ത്തകര്‍ വ്യക്തമാക്കി.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
അതേസമയം പാറയിടിഞ്ഞ് അപകടമുണ്ടായ പാറമടയ്ക്ക് 2026 ഫെബ്രുവരി വരെ പെര്‍മിറ്റ് ഉണ്ടായിരുന്നതായി ജില്ലാ കളക്ടര്‍ പ്രേം കൃഷ്ണന്‍ പറഞ്ഞു. ക്വാറിക്കെതിരെ നേരത്തെ നാട്ടുകാര്‍ മലിനീകരണം അടക്കമുള്ള പരാതികള്‍ നല്‍കിയിരുന്നെന്നും എന്നാല്‍ പരിശോധനയില്‍ അത്തരത്തിലൊന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല എന്നും കളക്ടര്‍ പറഞ്ഞു. എന്നാല്‍ അളവില്‍ കൂടുതല്‍ പാറ പൊട്ടിച്ചോ, അനുവദിച്ച സ്ഥലത്തായിരുന്നോ പാറ പൊട്ടിച്ചത് എന്നതടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം നടത്തും. ജിയോളജി വകുപ്പിനോട് വിശദമായ റിപ്പോര്‍ട്ട് തരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്നും കളക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.