#news #Top Four

അഹമ്മദാബാദ് വിമാന ദുരന്തം: ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫായതാണ് അപകട കാരണമെന്ന് പ്രാഥമിക റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാന ദുരന്തവുമായി ബന്ധപ്പെട്ട് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ (AAIB) പ്രഥമിക റിപ്പോര്‍ട്ട് പുറത്ത്. ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫായതാണ് അപകട കാരണം എന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. വിമാനം പറന്നുയര്‍ന്ന ഉടനെ ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫാവുകയായിരുന്നു. സ്വിച്ച് എന്തിനാണ് ഓഫ് ചെയ്തതെന്ന് പൈലറ്റ് ചോദിക്കുന്നതും ഓഫ് ചെയ്തിട്ടില്ല എന്ന് സഹപൈലറ്റ് പറയുന്നതും കോക്പിറ്റ് ഓഡിയോയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. വിമാനത്തിന്റെ എഞ്ചിനുകള്‍ പ്രവര്‍ത്തിച്ചത് സെക്കന്‍ഡുകള്‍ മാത്രമാണെന്നും 32 സെക്കന്റ് കൊണ്ട് അപകടം സംഭവിച്ചുവെന്നുമാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പക്ഷികള്‍ ഇടിക്കുകയോ പ്രതികൂല കാലാവസ്ഥയോ ആയിരുന്നില്ല അപകടകാരണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 15 പേജുള്ള പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടാണ് AAIB സമര്‍പ്പിച്ചിരിക്കുന്നത്. വിശദമായ അന്വേഷണം റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നുണ്ട്.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

എഞ്ചിന്‍ 1, എഞ്ചിന്‍ 2 എന്നിവയിലേയ്ക്കുള്ള ഇന്ധനം കട്ട്ഓഫ് ചെയ്യുന്ന രണ്ട് സ്വിച്ചുകളും ഒരു സെക്കന്‍ഡിനുള്ളില്‍ RUN-ല്‍ നിന്ന് CUTOFFലേക്ക് മാറുകയും ഇന്ധന വിതരണം തടസ്സപ്പെടുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ട്. ഇതോടെ രണ്ട് എഞ്ചിനുകളും വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ ഓഫ് ആവുകയും വായുവില്‍ വെച്ച് എഞ്ചിനുകളുടെ ത്രസ്റ്റ് നഷ്ടപ്പെടാന്‍ കാരണമാവുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. രണ്ട് എഞ്ചിനുകള്‍ക്കും ഒരേസമയം ത്രസ്റ്റ് നഷ്ടപ്പെടുന്നതിന് മുമ്പ് വിമാനം 180 നോട്ട് വേഗതയിലെത്തിയിരുന്നു. ഇന്ധന സ്വിച്ചുകള്‍ ഫ്‌ലിപ്പ് ചെയ്തതിന് തൊട്ടുപിന്നാലെ വിമാനത്തിന് വേഗതയും ഉയരവും പെട്ടെന്ന് നഷ്ടപ്പെട്ടുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. വിമാനം പറന്നുയര്‍ന്ന ഉടന്‍ തന്നെ ‘റാം എയര്‍ ടര്‍ബൈന്‍’ (RAT) പ്രവര്‍ത്തിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ഊര്‍ജ്ജ തടസ്സം സംഭവിക്കുമ്പോള്‍ RAT സാധാരണയായി സജീവമാകാറുണ്ട്. വിമാനത്തിന്റെ എഞ്ചിനുകള്‍ പറന്ന് ഉയരുന്നതിനിടെ ഓഫായി എന്നത് ഇത് സ്ഥിരീകരിക്കുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഓഫായതിന് പിന്നാലെ രണ്ട് ഇന്ധന സ്വിച്ചുകളും RUN-ലേക്ക് തിരികെ മാറ്റി. ഇതിന് പിന്നാലെ ഒരു എഞ്ചിന്‍ താല്‍ക്കാലികമായി സ്ഥിരത കൈവരിച്ചുവെന്നും പക്ഷേ മറ്റൊന്നിന് പ്രവര്‍ത്തന ശേഷി വീണ്ടെടുക്കാനായില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. എഞ്ചിന്‍ 2 പ്രവര്‍ത്തന ശേഷി വീണ്ടെടുക്കുന്നതിന്റെ ലക്ഷണങ്ങള്‍ കാണിച്ചു, പക്ഷേ എഞ്ചിന്‍ 1 സ്ഥിരത കൈവരിക്കുന്നതില്‍ പരാജയപ്പെട്ടു, ത്രസ്റ്റ് വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. വിമാനത്തിന്റെ ഫോര്‍വേഡ് എക്‌സ്റ്റെന്‍ഡഡ് എയര്‍ഫ്രെയിം ഫ്‌ലൈറ്റ് റെക്കോര്‍ഡര്‍ (EAFR) വീണ്ടെടുക്കുകയും വിജയകരമായി ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെ ഡാറ്റ വീണ്ടെടുക്കാന്‍ കഴിയാത്തത്ര ഗുരുതരമായ കേടുപാടുകള്‍ പിന്‍ഭാഗത്തെ EAFRന് സംഭവിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനം എഐ171 താഴേയ്ക്ക് പതിക്കുകയായിരുന്നു. അഹമ്മദാബാദിലെ ബിജെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലേക്കാണ് വിമാനം ഇടിച്ചുകയറിയത്.

Leave a comment

Your email address will not be published. Required fields are marked *