മെസ്സിയില്ലാത്ത മയാമി ബിഗ് സീറോ, അറ്റ്ലാന്റയുടെ ട്രോള്‍ വിവാദത്തില്‍
ലയണല്‍ മെസ്സിയെന്ന അര്‍ജന്റീനന്‍ ഇതിഹാസം ഒരു ടീമില്‍ തന്റെ സാന്നിധ്യം കൊണ്ടുണ്ടാക്കുന്ന വിജയങ്ങള്‍ എത്രമാത്രം വലുതാണെന്ന് ഒട്ടേറെ തവണ ലോകം കണ്ടിട്ടുണ്ട്. മെസ്സിയില്ലാത്ത ടീമും മെസ്സി ഉള്ള ടീമും തമ്മിലുള്ള അന്തരം വലുതാണ്. അമേരിക്കന്‍ സോക്കര്‍ ലീഗില്‍ ഇന്റര്‍ മയാമിയെ തുടര്‍വിജയങ്ങളിലേക്ക് നയിച്ച മെസ്സി ഇത് വീണ്ടും തെളിയിച്ചു.
അന്താരാഷ്ട്ര ഫുട്ബോളിനായി മെസ്സി വിട്ടുനിന്നതിന് പിന്നാലെ മയാമി കൂറ്റന്‍ തോല്‍വി ഏറ്റുവാങ്ങിയിരിക്കുകയാണ്. അറ്റ്‌ലാന്റ യുണൈറ്റഡിനെതിരെ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു മെസ്സിയുടെ ടീം തോറ്റത്. അര്‍ജന്റീനയുടെ ലോകകപ്പ് യോഗ്യതാ മത്സരത്തിനായി മെസ്സി മയാമിയില്‍ നിന്നും വിട്ടുനിന്നിരുന്നു. വിശ്രമമെടുത്തതിനാല്‍ മെസ്സിക്ക് കളിക്കാനാകാത്തത് എംഎല്‍എസ് ടീമിന്റെ തോല്‍വിക്കിടയാക്കി.
മെസ്സി കളിക്കാത്ത മത്സരത്തില്‍ ടീം തോറ്റതോടെ പല ഭാഗത്തുനിന്നും ട്രോളുകളുമെത്തിയിരിക്കുകയാണ്. മെസ്സിയെ ടീം അമിതമായി ആശ്രയിക്കുകയാണെന്നാണ് ട്വിറ്ററില്‍ ആരാധകരുടെ ട്രോള്‍. മെസ്സി വിരമിച്ചാല്‍ എന്തു ചെയ്യുമെന്നും, ടീമിനെ പിരിച്ചുവിടുകയാകും നല്ലതെന്നുമൊക്കെ ആരാധകര്‍ പരിഹസിച്ചു.
മെസ്സിയെ ട്രോളി അറ്റ്ലാന്റ് യുണൈറ്റഡും എത്തിയത് കാര്യങ്ങള്‍ രസകരമാക്കിയിട്ടുണ്ട്. മയാമിക്കെതിരെ ഇത്ര വലിയൊരു വിജയം അവര്‍ സ്വപ്നം കണ്ടിരുന്നില്ല. മെസ്സി ഇല്ലാത്തതിനാല്‍ കളിക്കളത്തില്‍ ആശങ്കയില്ലാതെ കളിക്കാനായതാണ് അറ്റ്ലാന്റയ്ക്ക് അനായാസ വിജയമൊരുക്കിയത്. മയാമിയെ തോല്‍പ്പിച്ചത് അവര്‍ ആഘോഷിക്കുകയും ചെയ്തു.
കളിയിലെ വിജയത്തിന് പിന്നാലെ ഒരു പിസ്സയുടെ ചിത്രം പങ്കുവെച്ച് അറ്റ്ലാന്റ മെസ്സിയെ ട്രോളി. മുകളില്‍ ലോസ് എന്നതിന്റെ എല്‍ കൂടി വരച്ചുചേര്‍ത്ത പിസയുടെ ചിത്രമായിരിന്നു ഇത്. നിങ്ങളുടെ യാത്രയ്ക്കുള്ള പിസയാണ് ഇതെന്നും അവര്‍ കുറിച്ചു. തോല്‍പ്പിച്ച ടീം മെസ്സിയെ ട്രോളുന്ന അപൂര്‍വ സംഭവം കൂടിയാണിത്.
അതിനിടെ മെസ്സിക്ക് പിന്തുണയുമായി റോജര്‍ ഫെഡറര്‍ എത്തി. ഒരു അത്ലറ്റ് കഠിനമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നയാളാണ്. എന്നാല്‍, നമ്മുടെ ദൈനംദിന ജീവിതത്തില്‍ അത് തിരിച്ചറിയുന്നുപോലുമില്ല. മെസ്സിയെപ്പോലൊരു ഫുട്‌ബോള്‍ കളിക്കാരനെ സംബന്ധിച്ചിടത്തോളം ആ ഭാരം വലുതാണെന്ന് തോന്നുന്നു. ലോകപ്രശസ്ത ക്ലബ്ബിനെയും രാജ്യത്തെയും മെസ്സി പ്രതിനിധീകരിക്കുന്നു.
മെസ്സിക്ക് ഭാവി തലമുറയെ പ്രചോദിപ്പിക്കാന്‍ കഴിയും. മൈതാനത്ത് മെസ്സി പ്രകടനം നടത്തുമ്പോള്‍ ഇമചിമ്മാതെ നോക്കിയിരിക്കണം. കാരണം ആ നിമിഷത്തില്‍ നമുക്ക് മെസ്സിയുടെ അവിശ്വസനീമായ നീക്കം നഷ്ടമായേക്കാം. നന്ദി, ലിയോ എന്നു പറഞ്ഞാണ് ടെന്നീസ് ഇതിഹാസം തന്റെ കുറിപ്പ് ചുരുക്കുന്നത്.