മൊയ്തീന് മാത്രമല്ല; ഇ.ഡി ലിസ്റ്റില്‍ വേറെയും നേതാക്കള്‍
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സി.പി.എമ്മിനെ ആസൂത്രിതമായി കെണിയില്‍ പെടുത്തുകയാണന്ന ആരോപണവുമായി വിശദീകരണ പൊതുയോഗങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സിപിഎം നേതൃത്യം മുന്നോട്ടു പോവുകയാണ്. കേന്ദ്ര ഏജന്‍സിയായ ഇ.ഡിയെ ഉപയോഗിച്ച് സിപിഎമ്മിനെ തകര്‍ക്കാനുളള നീക്കമാണ് നടക്കുന്നതെന്ന് അവര്‍ വാദിക്കുന്നുണ്ടെങ്കിലും വേണ്ടവിധത്തിലത് ഏശുന്നില്ല.
സി.പി.എം നേതാവും ജനപ്രതിനിധിയുമായ എ.സി. മൊയ്തിന്റെ വീട് റെയ്ഡ് ചെയ്തതും ഇ.ഡിക്ക് മുന്നില്‍ മൊഴി നല്‍കേണ്ടി വന്നതുമെല്ലാം സി.പി.എം നേതൃത്വത്തിനേല്പ്പിച്ച കരിനിഴല്‍ പാടുകള്‍ അത്രയേറെ നിര്‍ണായക മായിരുന്നു. 10 മണിക്കൂറോളം മൊയ്തീനെ ചോദ്യം ചെയ്തത് വഴി നിര്‍ണായകമായ ഒട്ടേറെ തെളിവുകള്‍ ഇ.ഡിക്ക് ലഭിച്ചിട്ടുണ്ട്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി വീണ്ടും മൊയ്തീനെ ചോദ്യം ചെയ്യേണ്ടതുണ്ടന്നാണ് ഇ.ഡി. കരുതുന്നത്. അങ്ങനെ വന്നാല്‍ സിപിഎമ്മിന് അത് വന്‍തിരിച്ചടിയായി മാറുമെന്നത് ഉറപ്പാണ്.
ഇ.ഡി കണ്ടെത്തിയ പ്രതികള്‍ക്ക് ബിനാമി ബന്ധമാണെന്ന കണ്ടെത്തല്‍ ഗൗരവമേറിയതാണ്. അതുകൊണ്ട് തന്നെ മൊയ്തിന് പുറമെ മറ്റു ചില സി.പി.എം നേതാക്കളിലേക്കും അന്വേഷണമെത്താന്‍ സാധ്യത ഏറെയാണ്. ഈയൊരു നീക്കം തിരിച്ചറിഞ്ഞാണ് സഹകാരി സംഗമം പോലെയുള്ള പരിപാടികള്‍ നടത്തി ഇ.ഡി പകവീട്ടല്‍ രാഷ്ട്രീയം നടത്തുകയാണെന്ന് സിപിഎം നേതൃത്വം വിശദീകരിക്കുന്നത്.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സി.പി.എം നിയോഗിച്ച അന്വേഷണ കമ്മീഷനില്‍ അംഗമല്ലെന്ന സിപിഎം നേതാവ് പി.കെ ബിജുവിന്റെ വാദം, അദ്ദേഹത്തിന് തന്നെ പിന്‍വലിക്കേണ്ടതായി വന്നു. ബാങ്ക് ഭരണസമിതിക്കെതിരെ നടപടി ശുപാര്‍ശ ചെയ്ത അന്വേഷണ കമ്മീഷനില്‍ പി.കെ ബിജുവും ഉള്‍പ്പെട്ട വിവരം വ്യക്തമാക്കുന്ന സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം വര്‍ഗ്ഗീസിന്റെ കത്ത് പുറത്ത് വന്നതിനെ തുടര്‍ന്നായിരുന്നു ഇത്. അന്വേഷണ കമ്മീഷനില്‍ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി.കെ. ബിജു, ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ ഷാജന് എന്നിവരെ ചുമതലപ്പെടുത്തിയ വിവരം ആ കത്തില്‍ പറയുന്നുണ്ട്. 2019 ഡിസംബര്‍ 24 ന് ചേര്‍ന്ന സി.പി.എം ജില്ലാ കമ്മറ്റിയുടെ ഈ ഔദ്യോഗിക തീരുമാനം കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരയാണ് പുറത്ത് വിട്ടത്. അത്യന്തം രഹസ്യസ്വഭാവമുള്ള പാര്‍ട്ടി രേഖ പുറത്തായതെങ്ങനെ എന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ അസ്വസ്ഥതകള്‍ പുകയുന്നുണ്ട്. മൊയ്തീനെയും, ബിജുവിനേയും പോലെയുള്ള നേതാക്കളെ കുരുക്കാന്‍ സ്വന്തം പാളയത്തില്‍ തന്നെ ചിലര്‍ നീക്കം നടത്തുന്നുവെന്ന ആരോപണം ഇതോടെ ശക്തമായിരിക്കുകയാണ്.
സി ബി ഐ അന്വേഷണത്തില്‍ തട്ടിപ്പുകളുടെ ഇടനിലക്കാരനായി കണ്ടെത്തിയ സതീഷ് കുമാറിനെക്കുറിച്ച് സിപിഎമ്മിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിട്ടേയില്ല. യഥാര്‍ത്ഥ പ്രതികളെ സംരംക്ഷിക്കുന്ന റിപ്പോര്‍ട്ടാണ് ക്രൈംബ്രാഞ്ച് തയ്യാറാക്കിയതെന്ന വിലയിരുത്തലാണ് ഇ.ഡിക്കുള്ളത്. തുടര്‍ന്ന് ഇ.ഡി നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് 500 കോടി രൂപയുടെ ബിനാമി ഇടപാട് സതീഷ് കുമാര്‍ നടത്തിയതായി കണ്ടെത്തിയതും അറസ്റ്റ് ചെയ്തതും.
ബാങ്കില്‍ പണയമെടുത്തിട്ടുള്ളവരുടെ രേഖകള്‍ അവരറിയാതെ വീണ്ടും വന്‍തുക കള്‍ക്കായി പണയപ്പെടുത്തിയെന്നും, മുക്കുപണ്ടം ഉപയോഗിച്ച് സ്വര്‍ണപ്പണയം എടുത്തതായും ഇ ഡി കണ്ടെത്തിയിട്ടുണ്ട്. ഈ വിധം കണ്ടെത്തലുകള്‍ സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഞെട്ടലോടെയാണ് നോക്കിക്കാണുന്നത്.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ പ്രതികളുമായി തനിക്ക് ഒരു ബന്ധവുമില്ലന്ന മൊഴിയാണ് എ.സി മൊയ്തീന് നല്‍കിയത്. തന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള രേഖകളും അദ്ദേഹം നല്‍കിയിട്ടുണ്ട്. തന്റെ ഇടപാടുകള്‍ എല്ലാം സുതാര്യമാണന്ന മൊയ്തീന്റെ വാദം ഉയര്‍ത്തിയാണ് സിപിഎം നേതൃത്വം വിശദീകരണങ്ങള്‍ നടത്തുന്നത്. എന്നാല്‍ ഇ.ഡി പൂര്‍ണമായും ഇത് അംഗീകരിച്ചിട്ടില്ല. അതുകൊണ്ടാണ് എ.സി മൊയ്തീന് പുറമെ ചില സിപിഎം നേതാക്കളെക്കൂടി ചോദ്യം ചെയ്യാന്‍ ഇ.ഡി തയ്യാറെടുക്കുന്നത്.