മൂന്ന് ജില്ലകളില്‍ നിന്ന് ഒറ്റ രാത്രിയില്‍ പിടിച്ചത് 311 പിടികിട്ടാപ്പുള്ളികളെ
തൃശൂര്‍: ഒറ്റരാത്രിയില്‍ മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലായി പോലീസ് നടത്തിയ കോമ്പിങ് ഓപ്പറേഷനില്‍ 311 പിടികിട്ടാപ്പുള്ളികള്‍ അറസ്റ്റിലായി. റേഞ്ച് ഡിഐജി എസ്. അജിതാ ബീഗത്തിന്റെ നേതൃത്വത്തില്‍ മൂന്ന് ജില്ലകളിലേയും പൊലീസ് മേധാവിമാര്‍ ഒന്നിച്ച് രംഗത്തിറങ്ങിയാണ് ക്രിമിനല്‍ സംഘത്തെ മൊത്തത്തില്‍ കുടുക്കിയത്. റേഞ്ചിലെ മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി നടത്തിയ കോമ്പിങ് ഓപ്പറേഷനില്‍ വാഹന പട്രോളിങ് അടക്കം മുന്നൂറില്‍പരം പട്രോളിങ് ടീമുകളാണ് പങ്കെടുത്തത്. ഭവനഭേദനം, കവര്‍ച്ച തുടങ്ങിയ കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെയും സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിന്റെയും ഭാഗമായും പൊതുജന സുരക്ഷ മുന്‍നിര്‍ത്തിയും ഇത്തരം കോമ്പിങ് ഓപ്പറേഷനുകള്‍ തുടരുമെന്ന് ഡിഐജി അറിയിച്ചു.
പിടികൂടിയവരില്‍ നിന്നും 37 ഗ്രാം എംഡിഎംഎ പിടിച്ചെടുക്കുകയും 67 ലഹരിമരുന്ന് കേസുകളും 132 അബ്കാരി കേസുകളും രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. നിലവില്‍ അന്വേഷണത്തിലിരിക്കുന്ന കേസുകളിലെ 95 പ്രതികളെ ഇക്കൂട്ടത്തില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭവനഭേദനം ഉള്‍പ്പെടെയുള്ള കേസുകളില്‍പ്പെട്ട് ഒളിവില്‍ കഴിഞ്ഞിരുന്നവരാണ് ഈ 311 പിടികിട്ടാപ്പുള്ളികളും. നിരോധിത വസ്തുക്കളുടെ കള്ളക്കടത്ത് തടയാനായി ജില്ലാ അതിര്‍ത്തികളിലും മറ്റ് പ്രധാന ഇടങ്ങളിലും 7608 വാഹനങ്ങള്‍ പരിശോധിച്ചു. ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍, ലോഡ്ജുകള്‍ തുടങ്ങിയ 306 ഇടങ്ങളിലും പരിശോധന നടത്തി.
Also Read; തട്ടമിടല്‍ പരാമര്‍ശം: കെ അനില്‍ കുമാര്‍ മാപ്പ് പറയണമെന്ന് കേരള മുസ്ലീം ജമാഅത്ത്