സൗദിയില്‍ ചരിത്രം കുറിച്ച് Cr7
സൗദി പ്രോ ലീഗ് ഫുട്ബോളില്‍ അല്‍ നസര്‍ എഫ് സിയുടെ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തകര്‍പ്പന്‍ ഫോമില്‍. തുടര്‍ച്ചയായ രണ്ട് മാസത്തിലും പ്ലെയര്‍ ഓഫ് ദ മന്ത് പുരസ്കാരം പോര്‍ച്ചുഗലിന്റെ മുപ്പത്തെട്ടുകാരനെ തേടിയെത്തി. ഇത് സൗദി പ്രോ ലീഗിലെ അപൂര്‍വതയാണ്. ആഗസ്റ്റില്‍ അഞ്ച് ഗോളും രണ്ട് അസിസ്റ്റും നേടിയാണ് ക്രിസ്റ്റിയാനോ താരമായത്. സെപ്തംബറിലും സിആര്‍7 മിന്നുന്ന ഫോം തുടര്‍ന്നു. അഞ്ച് ഗോളും മൂന്ന് അസിസ്റ്റുമാണ് ക്രിസ്റ്റിയാനോ നടത്തിയത്. പത്ത് ഗോളുമായി ടോപ് സ്കോറര്‍ സ്ഥാനത്ത് തുടരുന്ന ക്രിസ്റ്റിയാനോ അസിസ്റ്റിലും മുന്നിട്ട് നില്ക്കുന്നു.
ക്രിസ്റ്റ്യാനോയുടെ തകര്‍പ്പന്‍ ഫോം 2023-24 സൗദി പ്രോ ലീഗില്‍ അല്‍ നസര്‍ എഫ് സിക്ക് തുടര്‍ച്ചയായ ആറ് ജയം നേടിക്കൊടുത്തു. സീസണില്‍ തുടരെ ആറ് ജയമെന്നത് ലീഗില്‍ മറ്റൊരു ടീമിനും അവകാശപ്പെടാനില്ലാത്തതാണ്. ആദ്യ രണ്ട് കളികളില്‍ പരാജയപ്പെട്ട ശേഷമാണ് അല്‍ നസര്‍ എഫ്സിയുടെ തിരിച്ചുവരവ്. സീസണിലെ ഉദ്ഘാടന മത്സരത്തില്‍ പരിക്ക് കാരണം പോര്‍ച്ചുഗീസ് സൂപ്പര്‍ താരം കളത്തിലിറങ്ങിയിരുന്നില്ല. തുടര്‍ന്നുള്ള ഏഴ് മത്സരങ്ങളിലാണ് ക്രിസ്റ്റ്യാനോ പത്ത് ഗോളും അഞ്ച് അസിസ്റ്റും നടത്തിയത്.
Also Read; സന്തോഷ് ട്രോഫിക്കുള്ള കേരള ടീമില്‍ ഇവരൊക്ക…
കഴിഞ്ഞ ഫുട്ബോള്‍ ലോകകപ്പിന് ശേഷമാണ് ക്രിസ്റ്റ്യാനോ സൗദി പ്രോ ലീഗിലേക്ക് ചുവട് മാറ്റിയത്. അല്‍ നസര്‍ എഫ് സിയിലേക്ക് റെക്കോര്‍ഡ് തുകക്കായിരുന്നു കൂടുമാറ്റം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്നായിരുന്നു അല്‍ നസര്‍ എഫ് സിയിലെത്തിയത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും റയല്‍ മാഡ്രിഡിനുമൊപ്പം യുവേഫ ചാമ്പ്യന്‍സ് ലീഗും ലീഗ് കിരീടങ്ങളും വാരിക്കൂട്ടിയ ക്രിസ്റ്റ്യാനോ ഇറ്റാലിയന്‍ സീരി എ ലീഗില്‍ യുവെന്റസിലും അത്ഭുതപ്രകടനം കാഴ്ചവെച്ചിരുന്നു. ലോകത്ത് എവിടെ കളിച്ചാലും ക്രിസ്റ്റിയാനോ എന്ന ഫുട്ബോള്‍ ബ്രാന്‍ഡ് കൈയ്യടി വാങ്ങിക്കും. സൗദിയിലും ആ കാഴ്ചയാണ് ഫുട്ബോള്‍ ലോകം കാണുന്നത്.
ലോകകപ്പ് വിശേഷങ്ങളറിയാം മെട്രോപോസ്റ്റ് വാട്സ്ആപ്പ് ചാനലിനൊപ്പം
സൗദി പ്രോ ലീഗ് സീസണില്‍ എട്ട് മത്സരങ്ങളില്‍ പതിനെട്ട് പോയിന്റുമായി ക്രിസ്റ്റിയാനോയുടെ ടീമായ അല്‍ നസര്‍ എഫ് സി നാലാം സ്ഥാനത്താണ്. ഇരുപത് പോയിന്റുള്ള അല്‍ ഹിലാല്‍ എഫ് സിയും പത്തൊമ്പത് പോയിന്റുള്ള അല്‍ എത്തിഹാദ് എഫ് സിയുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. ആദ്യ രണ്ട് കളിയും തോറ്റ അല്‍ നസര്‍ ഒരു ഘട്ടത്തില്‍ പോയിന്റ് ടേബിളില്‍ പതിനഞ്ചാം സ്ഥാനത്തായിരുന്നു. ക്രിസ്റ്റ്യാനോ ടോപ് ഫോമിലേക്ക് തിരിച്ചെത്തിയതോടെ ക്ലബ്ബിന്റെ തലവര മാറി.
നേരത്തെ പ്രീ സീസണില്‍ ക്രിസ്റ്റ്യാനോ നിറം മങ്ങിയത് അദ്ദേഹത്തിന്റെ വിമര്‍ശകര്‍ ആഘോഷമാക്കിയിരുന്നു. എന്നാല്‍, അറബ് ക്ലബ്ബ് ചാമ്പ്യന്‍സ് കപ്പില്‍ അല്‍ നസറിനെ ചാമ്പ്യന്മാരാക്കിയാണ് ക്രിസ്റ്റ്യാനോ മറുപടി കൊടുത്തത്. ക്ലബ്ബിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു അറബ് ക്ലബ്ബ് ചാമ്പ്യന്‍സ് കപ്പില്‍ മുത്തമിട്ടത്. ക്രിസ്റ്റ്യാനോ ആയിരുന്നു ടൂര്‍ണമെന്റിലെ ടോപ് സ്കോറര്‍.