അഖില്‍ സജീവ് നടത്തിയത് തട്ടിപ്പുകളുടെ പരമ്പര: കിഫ്ബിയുടെ പേരില്‍ തട്ടിയത് 10 ലക്ഷം
നിയമന തട്ടിപ്പ് കേസുകളില്‍ പ്രതിയായ അഖില്‍ സജീവ് കിഫ്ബിയുടെ പേരിലും തട്ടിപ്പ് നടത്തിയെന്ന് റിപ്പോര്‍ട്ട്. ഈ തട്ടിപ്പിന്റെ എഫ്ഐആര്‍ വിവരങ്ങള്‍ ഇതിനോടകം തന്നെ പുറത്തുവന്നു. കിഫ്ബി ഓഫീസില്‍ അക്കൗണ്ടന്റായി ജോലി വാങ്ങി തരാമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. പത്ത് ലക്ഷം രൂപയാണ് ഇതിനായി ആവശ്യപ്പെട്ടത്. പത്തനംതിട്ട വലിയകുളം സ്വദേശിനിയില്‍ നിന്നും 10 ലക്ഷം രൂപ തട്ടിയെടുത്തതിന് പിന്നില്‍ വന്‍ ആസൂത്രണമാണ് അഖില്‍ സജീവും കൂട്ടരും നടത്തിയതെന്നാണ് പോലീസ് എഫ്‌ഐആറിലുള്ളത്. വലിയകുളം സ്വദേശിനിയുടെ പരാതിയില്‍ റാന്നി പോലീസ് കേസടുത്തിട്ടുണ്ട്.
Also Read; തെരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രന് തിരിച്ചടി
സിഐടിയു പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫീസില്‍ വച്ചും തട്ടിപ്പ് സംഘം പണം വാങ്ങി. പരാതിക്കാരിയെ വിശ്വസിപ്പിക്കുന്നതിനായി കിഫ്ബിയുടെ പേരില്‍ വ്യാജ നിയമന ഉത്തരവ് നിര്‍മ്മിച്ച് നല്‍കുകയായിരുന്നു. സിഐടിയു ഓഫീസില്‍ വെച്ച് പരാതിക്കാരിയുടെ ഭര്‍ത്താവില്‍ നിന്ന് ഒരു ലക്ഷം രൂപ കൈപറ്റി. പിന്നീട് പരാതിക്കാരിയുടെ വീട്ടിലെത്തി. മൂന്ന് ലക്ഷം രൂപ വാങ്ങി. അതിന് ശേഷമാണ് കിഫ്ബിയുടെ പേരിലുള്ള നിയമന ഉത്തരവ് കൈമാറിയത്.
ഈ ഉത്തരവ് വിശ്വസിച്ച യുവതി കിഫ്ബിയുടെ തിരുവനന്തപുരം ഓഫീസിലെത്തി. കിഫ്ബി ഓഫീസില്‍ എത്തിയ യുവതിയെ ആരോ ഏതൊക്കെയോ പേപ്പറുകളില്‍ ഒപ്പിടുവിച്ചു തിരിച്ചു വിട്ടു. പിന്നീട് ജോലിയെ പറ്റി യാതൊരു വിവരവും ലഭിക്കാതെ വന്നതോടെയാണ് കബളിക്കപ്പെട്ടുവെന്ന് മനസ്സിലായതെന്ന് എഫ്ഐആറില്‍ പറയുന്നു. അഖില്‍ സജീവും രാജേഷുമാണ് ഈ കേസിലെ പ്രതികള്‍.
Join with metro post: മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക