കരുവന്നൂര്‍ തട്ടിപ്പ്: പി ആര്‍ അരവിന്ദാക്ഷന്റെ ശബ്ദരേഖ കോടതിക്ക് കൈമാറും, കുറ്റപത്രം അടുത്താഴ്ച സമര്‍പ്പിക്കും
കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ സി പി എം നേതാവ് പി ആര്‍ അരവിന്ദാക്ഷന് നേരിട്ട് പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കോടതിയല്‍ അറിയിച്ചു. ഇത് തെളിയിക്കാന്‍ ആവശ്യമായ ശബ്ദരേഖ കൈവശമുണ്ടെന്നും വ്യക്തമാക്കി. രേഖകള്‍ മുദ്രവച്ച കവറില്‍ കോടതിയില്‍ ഹാജരാക്കും.
അരവിന്ദാക്ഷന് ജാമ്യം നല്‍കരുതെന്നും അന്വേഷണം സുപ്രധാന ഘട്ടത്തിലെത്തി നില്‍ക്കുകയാണെന്നും ഇ ഡി കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍, തനിക്കെതിരെ ഇ ഡി രാഷ്ട്രീയ ഗൂഢാലോചന നടത്തുകയാണെന്നും പരസ്പര ബന്ധമില്ലാത്ത കുറ്റങ്ങളാണ് ഇ ഡി ചുമത്തിയതെന്നും അരവിന്ദാക്ഷന്‍ വ്യക്തമാക്കിയിരുന്നു.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പി സതീഷ് കുമാര്‍, പി പി കിരണ്‍, വടക്കാഞ്ചേരി നഗരസഭാംഗമായ സി പി എം ലോക്കല്‍ കമ്മിറ്റി അംഗം പി ആര്‍ അരവിന്ദാക്ഷന്‍, കരുവന്നൂര്‍ ബാങ്ക് മുന്‍ അക്കൗണ്ടന്റ് സി കെ ജില്‍സ് എന്നിവര്‍ക്കെതിരായ കുറ്റപത്രം ഈ മാസം മുപ്പതിനകം ഇ ഡി സമര്‍പ്പിക്കാനിരിക്കുകയാണ്.