ഇസ്രായേല്‍ പോലീസിന് യൂണിഫോം നല്‍കുന്നത് നിര്‍ത്തിവെച്ച് കണ്ണൂരിലെ മരിയന്‍ അപ്പാരല്‍സ്
കണ്ണൂര്‍: ഇസ്രായേല്‍ പോലീസിന് യൂണിഫോം നല്‍കുന്നത് താല്‍കാലികമായി അവസാനിപ്പിച്ച് കണ്ണൂരിലെ വസ്ത്രനിര്‍മ്മാണ കമ്പനിയായ മരിയന്‍ അപ്പാരല്‍സ്. യുദ്ധത്തില്‍ നിന്ന് രാജ്യം പിന്മാറണമെന്ന് ആവശ്യപ്പെട്ടാണ് കമ്പനിയുടെ ഈ തീരുമാനം. വാര്‍ത്താക്കുറിപ്പിലാണ് കമ്പനി എംഡി ഇക്കാര്യം അറിയിച്ചത്. 2015 മുതല്‍ ഇസ്രായേല്‍ പോലീസിന് യൂണിഫോം നിര്‍മ്മിച്ച് നല്‍കുന്നത് മരിയന്‍ അപ്പാരല്‍സാണ്.
മാനവികതയ്ക്കുവേണ്ടിയാണ് നിലകൊള്ളുന്നതെന്നും സമീപകാല സംഭവങ്ങള്‍ മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന മരിയന്‍ അപ്പാരല്‍സ് കമ്പനി എം ഡി തോമസ് ഓലിക്കല്‍ പറഞ്ഞു. കഴിഞ്ഞ 8 വര്‍ഷമായി ഇസ്രായേല്‍ പോലീസിന് പ്രതിവര്‍ഷം ഒരു ലക്ഷത്തോളം യൂണിഫോം ഷര്‍ട്ടുകള്‍ വിതരണം ചെയ്യുന്നത് ഇവിടെ നിന്നാണ്. തൊടുപുഴ സ്വദേശിയായ മുംബൈ മലയാളി വ്യവസായി തോമസ് ഓലിക്കലിന്റെ ഉടമസ്ഥതയിലുള്ള ഈ കമ്പനിയില്‍ ആയിരത്തി അഞ്ഞൂറോളം ജീവനക്കാരാണ് ജോലി ചെയ്യുന്നത്.
Also Read; ആക്രമണം കടുപ്പിച്ച് ഇസ്രായേല്‍; ഗാസയിലെ ക്രിസ്ത്യന്‍ പള്ളിയടക്കം തകര്‍ത്തു
കോടികളുടെ നഷ്ടം വരുമെങ്കിലും യുദ്ധത്തില്‍ പ്രയാസമനുഭവിക്കുന്ന ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ഇസ്രായേല്‍ പോലീസിന് യൂണിഫോം നല്‍കുന്നില്ല എന്ന് തീരുമാനിച്ചത്. ആശുപത്രികളില്‍ ഉള്‍പ്പെടെ ബോംബ് വര്‍ഷിച്ച് നിരപരാധികളെ കൊന്നൊടുക്കുന്ന സമീപനത്തോട് ധാര്‍മ്മിക വിയോജിപ്പുള്ളതിനാലാണ് തീരുമാനമെന്ന് സ്ഥാപന അധികൃതര്‍ അറിയിച്ചതായി വ്യവസായ മന്ത്രി പി രാജീവും ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ